'പൊലീസ് നടപടിയുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങള്‍ക്ക് പകര്‍ത്താം': ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

'പൊലീസ് നടപടിയുടെ വീഡിയോയും ഓഡിയോയും പൊതുജനങ്ങള്‍ക്ക് പകര്‍ത്താം': ഡിജിപിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ സര്‍ക്കുലര്‍. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ഇപ്പോള്‍ വീണ്ടും സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പരിശീലന കാലത്ത് മാന്യമായി പെരുമാറാനുള്ള ബോധവല്‍ക്കരണം നടത്തണമെന്നും പൊലീസ് പ്രവര്‍ത്തനത്തിന്റെ ഓഡിയോ, വീഡിയോ പൊതുജനങ്ങള്‍ പകര്‍ത്തിയാല്‍ തടയേണ്ടതില്ലെന്നും സര്‍ക്കുലറിലുണ്ട്.

പൊലീസ് സേനാംഗങ്ങള്‍ പൊതുജനങ്ങളുമായി ഇടപെടുമ്പോള്‍ പാലിക്കേണ്ട മര്യാദയെക്കുറിച്ച് വിവിധ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഡിജിപി വ്യക്തമാക്കുന്നത്.

വിവിധ ആവശ്യങ്ങള്‍ക്കായി സ്റ്റേഷനില്‍ എത്തുന്ന പൊതുജനങ്ങളോട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യതയ്ക്കും അന്തസിനും നിരക്കാത്ത രീതിയില്‍ അഭിസംബോധന ചെയ്യുന്നതായും അധിക്ഷേപത്തോടെയോ അല്ലെങ്കില്‍ സഭ്യതയില്ലാതെയോ സംസാരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

അടുത്തിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു.പാലക്കാട് ആലത്തൂരില്‍ അഭിഭാഷകനും എസ്ഐയും തമ്മിലുള്ള വാഗ്വാദത്തിന്റെ വീഡിയോയും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊലീസുകാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്.

എല്ലാ ഉദ്യോഗസ്ഥരും ജനങ്ങളോട് മാന്യമായി പെരുമാറാന്‍ ബാധ്യസ്ഥരാണെന്നും സഭ്യമായ പദപ്രയോഗങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഡിജിപിയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

മാന്യമായ പെരുമാറ്റം സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ ബോധവല്‍കരണ ക്ലാസുകള്‍ നടത്തണം. പൊലീസ് ഉദ്യോഗസ്ഥരുടെ പൊതുജനങ്ങളോടുള്ള പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതുമാണെന്നും സര്‍ക്കുലറിലുണ്ട്.

കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്റെയോ നടപടിയുടെയോ ഓഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റെക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്.

അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.