ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് പരാതി നല്‍കിയ തമിഴ്‌നാട് ഐ.ആര്‍.എസ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍. ജനുവരി 29 നാണ് ഇന്ത്യന്‍ റവന്യൂ സര്‍വീസിലെ ഉദ്യോഗസ്ഥനായ ബി. ബാലമുരുകനെ സസ്‌പെന്‍ഷന്‍ഡ് ചെയ്തതായി ഉത്തരവ് ലഭിച്ചത്. എന്നാല്‍ സസ്‌പെന്‍ഡ് ചെയ്യാനുള്ള കാരണത്തെ കുറിച്ച് നോട്ടീസില്‍ പറഞ്ഞിരുന്നില്ല.
വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് അദേഹത്തിന് സസ്‌പെന്‍ഷന്‍ നോട്ടീസ് ലഭിച്ചത്. നിര്‍മല സീതാരാമനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഇദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി) നെ ബി.ജെ.പി രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്നും ബാലമുരുകന്‍ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ സൂചിപ്പിച്ചിരുന്നു. ബി.ജെ.പി പ്രാദേശിക നേതാവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ രണ്ട് ദലിത് കര്‍ഷകര്‍ക്ക് ഇ.ഡി നോട്ടീസയച്ചതിന് പിന്നാലെയായിരുന്നു ബാലമുരുകന്‍ രാഷ്ട്രപതിക്ക് കത്തെഴുതിയത്.
ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്(ജി.എസ്.ടി)ഡെപ്യൂട്ടി കമ്മീഷണറാണ് ബാലമുരുകന്‍. നിര്‍മല സീതാരാമന്‍ ഇ.ഡിയെ ബി.ജെ.പിയുടെ പോളിസി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റായി ഫലപ്രദമായി മാറ്റിയെടുത്തു എന്നായിരുന്നു ഇദേഹത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ ധനകാര്യ മന്ത്രിയുടെ കസേരയിലിരിക്കാന്‍ അര്‍ഹതയില്ലാത്ത നിര്‍മല സീതാരാമനെ പുറത്താക്കണമെന്നും അദേഹം ആവശ്യപ്പെട്ടിരുന്നു.
സേലത്തെ അത്തൂരിലാണ് 70 പിന്നിട്ട ദലിത് കര്‍ഷക സഹോദരന്‍മാരായ കന്നയ്യന്നും കൃഷ്ണനും താമസിക്കുന്നത്. 2023 ജൂലൈയിലാണ് ഇവര്‍ക്ക് ഇ.ഡിയുടെ സമന്‍സ് ലഭിച്ചത്. എന്നാല്‍ എന്തിനാണ് നോട്ടീസ് അയച്ചത് എന്ന കാര്യം വ്യക്തമല്ല. അവര്‍ക്ക് ഗ്രാമത്തില്‍ ആറര ഏക്കര്‍ കൃഷി ഭൂമി സ്വന്തമായുണ്ട്. മാസത്തില്‍ ആയിരം രൂപ പെന്‍ഷന്‍ വാങ്ങുന്ന ഈ കര്‍ഷകരെ ഇ.ഡി ലക്ഷ്യം വക്കുകയായിരുന്നു. സേലത്തെ ബി.ജെ.പി നേതാവായ ഗുണശേഖരന് എതിരെ ഇരുവരും ഭൂമി തര്‍ക്കം സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തങ്ങളുടെ ഭൂമി അനധികൃതമായി ഗുണശേഖരന്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പരാതി.
കര്‍ഷകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കുമെന്ന് ജനുവരി നാലിന് ഇ.ഡി അറിയിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ബാലമുരുകന്റെ ഭാര്യ പ്രവീണയായിരുന്നു കര്‍ഷകരുടെ അഭിഭാഷക. ഇ.ഡിയെ എങ്ങനെ ബി.ജെ.പിക്ക് ആയുധമാക്കി ഉപയോഗിക്കാമെന്നതിന്റെ ഉദാഹരണമാണ് കര്‍ഷകര്‍ക്കെതിരായ നടപടിയെന്ന് ബാലമുരുകന്‍ കത്തില്‍ സൂചിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.