സൗഹൃദം ഊട്ടിയുറപ്പിച്ച് കത്തോലിക്കാസഭ - പ്രധാനമന്ത്രി കൂടിക്കാഴ്ച

സൗഹൃദം ഊട്ടിയുറപ്പിച്ച് കത്തോലിക്കാസഭ - പ്രധാനമന്ത്രി കൂടിക്കാഴ്ച

ഡൽഹി: ഇന്ത്യൻ കത്തോലിക്കാ സഭയിലെ മൂന്നു സഭാ തലവന്മാർ പ്രധാനമന്ത്രിയുമായി ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ച വളരെ ഹൃദ്യവും ഫലദായകവുമായിരുന്നു എന്ന് സിബിസിഐ അഭിപ്രായപ്പെട്ടു . 45 മിനിറ്റ് നീണ്ട സംഭാഷണത്തിൽ ഇന്ത്യയിലെ കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ ആരോഗ്യ ,സാമൂഹ്യ ക്ഷേമ രംഗങ്ങളിലെ പ്രവർത്തനങ്ങളെ ക്കുറിച്ച് വിശദമായി ചർച്ചചെയ്തു.

മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനത്തെ ക്കുറിച്ച് പ്രധാനമന്ത്രി അനുകൂല മനോഭാവം ആണെന്നും ഫ്രാൻസിസ് മാർപാപ്പയുടെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും അദ്ദേഹം അറിയിച്ചു. കർഷക സമരം പരിഹരിക്കുവാൻ പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടാവണം എന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു . സ്റ്റാൻ സ്വാമിയുടെ വിഷയത്തിൽ , അന്വേഷണ ഏജൻസിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം എന്നതിനാൽ ഈ ഘട്ടത്തിൽ ഇടപെടുവാൻ സാധിക്കില്ല എന്ന് നരേന്ദ്ര മോഡി കത്തോലിക്കാ പ്രതിനിധി സംഘത്തെ അറിയിച്ചു .

പ്രളയകാലത്തെ കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി പ്രത്യേകം ശ്ലാഘിച്ചു. കോവിഡ് കാലത്ത് കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിട്ടുനൽകിയത് പോലെയുള്ള കാര്യങ്ങൾ പ്രത്യേകം പരാമർശിച്ചു . 152 കോടി രൂപയുടെ സഹായം കോവിഡ് കാലത്ത് സഭ പാവപ്പെട്ട ജനങ്ങൾക്കായി കാരിത്താസ് പോലെയുള്ള സംഘടനകളിലൂടെ ചിലവഴിച്ചതായി കർദിനാൾ സംഘം പ്രധാനമന്ത്രിയെ ധരിപ്പിച്ചു .

പുതിയ വിദ്യാഭ്യാസ നയത്തിൽ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനെയും സംബന്ധിച്ച് ചർച്ചകൾ നടത്തി . കൂടാതെ സാമ്പത്തിക സംവരണത്തിലും ന്യൂനപക്ഷ സ്കോളർഷിപ്പുകളിലും കൃത്യമായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്ന കാര്യങ്ങൾ പ്രധാന മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി . ക്രിസ്ത്യാനികൾക്കെതിരെ നടക്കുന്ന അക്രമണങ്ങൾ ബിജെപിയുടെ നയമല്ല എന്നും തീവ്രനിലപാടുള്ളർ നടത്തുന്ന ഒറ്റപ്പെട്ട അക്രമ സംഭവങ്ങൾ ചില പ്രവർത്തനങ്ങൾ ബി ജെ പി തള്ളിക്കളയുന്നു എന്നും അദ്ദേഹം അറിയിച്ചു.

കേരളത്തിലെ കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകളെ സംബന്ധിച്ച് പ്രത്യേകിച്ച് കസ്തൂരി രംഗൻ കമ്മീഷൻ റിപ്പോർട്ടിനെയും, ഉപദ്രവകാരികളായ ചില കാട്ടുമൃഗങ്ങളെ കൊല്ലുന്നതിനു കർഷകർക്ക് അനുവാദം കൊടുക്കുന്നതിനെയും സംബന്ധിച്ചുമുള്ള ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചു . ക്രിസ്ത്യാനികളിൽ ദളിതരുടെ സംവരണ കാര്യം പ്രധാനമന്ത്രി പരിശോധിക്കാം എന്ന് ഉറപ്പു നൽകി .ജാതി-മത ഘടകങ്ങൾക്ക് ഉപരിയായി സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായുള്ള സാമ്പത്തിക സംവരണത്തെ സംബന്ധിച്ചും കർദിനാൾ സംഘം ചർച്ച നടത്തി.

വളരെയധികം ഏജൻസികൾ , എഫ് സി ആർ എ നിയമം ലംഘിച്ചുകൊണ്ട് ഇന്ത്യയിലേക്ക് പണം കൊണ്ടുവരുന്നതായും വേണ്ട രീതിയിൽകണക്കുകൾ സൂക്ഷിക്കുന്നതില്ല എന്നകാര്യവും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചപ്പോൾ അത്തരത്തിൽ ഉള്ളവരെ നിരുത്സാഹപ്പെടുത്തുന്ന സർക്കാർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും കർദിനാൾ സംഘം നൽകി.

മിസോറാം ഗവർണ്ണർ പിഎസ് ശ്രീധരൻ പിള്ളയുടെ ശ്രമഫലമായാണ് കത്തോലിക്കാ പ്രതിനിധികൾക്ക് പ്രധാനമന്ത്രിയെ കാണുവാൻ അവസരം ഒരുങ്ങിയത്. ഈ പ്രതിനിധി സംഘത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് പാലക്കാപ്പള്ളി, സിബിസിഐ പ്രതിനിധികൾ എന്നിവർ ഉണ്ടായിരുന്നു.വീണ്ടുംചർച്ചകൾ തുടരുമെന്നും കത്തോലിക്കാസഭയ്‌ക്കുള്ള ആശങ്കൾ പരിഹരിക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പു നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.