ആദായ നികുതി പരിധിയില്‍ മാറ്റമില്ല; ആത്മീയ ടൂറിസം വികസിപ്പിക്കും: ബജറ്റവതരണം പൂര്‍ത്തിയായി

ആദായ നികുതി പരിധിയില്‍ മാറ്റമില്ല; ആത്മീയ ടൂറിസം വികസിപ്പിക്കും: ബജറ്റവതരണം പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ആദായ നികുതി പരിധിയില്‍ മാറ്റം വരുത്താതെ ധനമന്ത്രി നിര്‍മല സീതാരാമന്റെ ഇടക്കാല ബജറ്റ്. നിലവിലെ ആദായ നികുതി പരിധി നിലനിര്‍ത്തിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ല.

ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. ആത്മീയ ടൂറിസത്തിന്റെ വികസനം പ്രാദേശികമായി ഗുണകരമാണ്. ഇന്ത്യ ആത്മീയ ടൂറിസത്തിന്റെ കേന്ദ്രമായി മാറുകയാണെന്നും ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

വരുന്ന സാമ്പത്തിക വര്‍ഷം അടിസ്ഥാന സൗകര്യ വികസനത്തിനായി നീക്കി വെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കും.

ഐടി മേഖലയില്‍ യുവ സംരംഭകരെ ആകര്‍ഷിക്കുന്നതിന് ഒരു ലക്ഷം കോടി രൂപയുടെ ഫണ്ടിന് രൂപം നല്‍കും. ഇതുവഴി 50 വര്‍ഷം വരെ പലിശ രഹിത വായ്പ അനുവദിക്കും. ഐടി മേഖലയുടെ വികസനത്തിന് ദീര്‍ഘകാല വായ്പ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

പിഎം ആവാസ് യോജന പ്രകാരം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രണ്ടു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കും. നിലവില്‍ മൂന്ന് കോടി വീടുകള്‍ എന്ന ലക്ഷ്യത്തിന് അരികില്‍ എത്തിയിരിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

ഒരു കോടി വീടുകള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്ന സാഹചര്യം ഒരുക്കും. മേല്‍ക്കൂര സൗരോര്‍ജ പദ്ധതിയുടെ ഭാഗമായാണ് ഒരു കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യമായി വൈദ്യുതി ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുക.

തൊഴിലിടത്ത് സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിച്ചു. സംരംഭകവുമായി ബന്ധപ്പെട്ട് 30 കോടി വനിതകള്‍ക്ക് മുദ്ര ലോണ്‍ നല്‍കി. നാലു കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കി വരുന്നതായും നിര്‍മല സീതാരാമന്‍ പറഞ്ഞു.

2047 ഓടേ രാജ്യത്തെ വികസിത രാജ്യമാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കുറഞ്ഞ താങ്ങുവില വര്‍ധിപ്പിച്ചു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യമായി റേഷന്‍ നല്‍കുന്നു. 25 കോടി ജനങ്ങളെ ദാരിദ്ര്യമുക്തമാക്കാന്‍ ഇതുവഴി സാധിച്ചെന്നും ധനമന്ത്രി പറഞ്ഞു.

അമ്പത്തെട്ട് മിനിട്ടില്‍ അവസാനിച്ച് സഭയുടെ മേശപ്പുറത്ത് വച്ച ഇടക്കാല ബജറ്റില്‍ പ്രതീക്ഷിച്ച ജനപ്രിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.