കിഫ്ബിയിലെ അടിയന്തരപ്രമേയം തളളി; ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

കിഫ്ബിയിലെ അടിയന്തരപ്രമേയം തളളി; ധനമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ടിന്മേലുളള അടിയന്തരപ്രമേയം നിയമസഭ തളളി. കിഫ്ബിക്കെതിരായ പ്രതിപക്ഷനീക്കം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കിഫ്ബി പദ്ധതികള്‍ വേണോ വേണ്ടയോ എന്ന കാര്യം യുഡിഫ് ജനങ്ങളോട് പറയണം. സ്റ്റേറ്റിന്റെ നിര്‍വചനത്തില്‍ കിഫ്ബി വരില്ല, അത് ബോഡി കോര്‍പറേറ്റാണ്. ചീഫ് സെക്രട്ടറിയും ഫിനാന്‍സ് സെക്രട്ടറിയും മസാല ബോണ്ടിനെ എതിര്‍ത്തിരുന്നു. സിഎജി റിപ്പോര്‍ട്ട് സഭയോടുള്ള അവഹേളനമെന്നും അദ്ദേഹം സഭയിൽ പറ‍ഞ്ഞു.

അതേസമയം സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബിയില്‍ ഭരണഘടനാ ലംഘനം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ്. ധനമന്ത്രി സിഎജിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ്. ചോദ്യങ്ങള്‍ക്ക് ഐസക്ക് കൃത്യമായ മറുപടി പറഞ്ഞില്ലെന്നും ധനമന്ത്രി രാജിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വാദങ്ങള്‍ പൊളിഞ്ഞുവെന്നും സര്‍ക്കാരിന് ധാര്‍ഷ്ട്യത്തിന്റെ ഭാഷയെന്നും വി.ഡി സതീശന്‍ എംഎൽഎ പറഞ്ഞു. പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഭരണ ഘടന പറഞ്ഞു പേടിപ്പിക്കാന്‍ നോക്കേണ്ടെന്നാണ് വി ഡി സതീശന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കവേ എം സ്വരാജ് പറഞ്ഞത്.

ഭരണഘടനാ ആര്‍ട്ടിക്കിള്‍ 293 പറയുന്നത് സംസ്ഥാനത്തെ കുറിച്ചാണ്. ഇത് കിഫ്ബിക്ക് ബാധകമല്ല. യുഡിഎഫ് എംഎല്‍എമാര്‍ കിഫ്ബി പദ്ധതിയുടെ പുരോഗതി ഫോട്ടോ വച്ച്‌ പ്രചരിപ്പിക്കുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ യുഡിഎഫിനും സംഘപരിവാറിനും സഹിക്കുന്നില്ല. കണക്ക് പരിശോധിക്കാന്‍ വന്നവര്‍ കണക്ക് പരിശോധിച്ച്‌ പോയ്ക്കോളണം. സിഎജിയുടെ നാണംകെട്ട കളിക്ക് ഒപ്പം നില്‍ക്കുകയാണ് യുഡിഎഫെന്നും സ്വരാജ് ആരോപിച്ചു.

സ്വരാജിന്റേത് മൈതാന പ്രസംഗമെന്ന് വി ടി ബല്‍റാം വിമര്‍ശിച്ചു. കിഫ്‌ബിയെ എതിര്‍ക്കുമ്പോൾ വികസന വിരോധികളെന്ന് വിളിക്കുന്നു. കിഫ്‌ബി ഭരണഘടന പ്രകാരം സ്റ്റേറ്റ് എന്ന പരിധിയില്‍ വരും. വിദേശ വായ്‌പ എടുക്കുന്നതിലെ ഭരണഘടനാ വ്യവസ്ഥ കിഫ്‌ബിക്കും ബാധകമാകും. മസാല ബോണ്ട്‌ ആരൊക്കെ വാങ്ങിയെന്ന കണക്കുപോലും സര്‍ക്കാരിനില്ലെന്നും വി ടി ബല്‍റാം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.