പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

പാലിയേറ്റീവ് കെയര്‍ രംഗത്ത് കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം

തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.) റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.

സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു വിജയകരമായ മാതൃകയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. പെയിന്‍ ആന്റ് പാലിയേറ്റീവ് കെയറില്‍ നിന്നും കേരളത്തിലെ പാലിയേറ്റീവ് കെയര്‍ സംവിധാനം വീടുകളില്‍ സാന്ത്വന പരിചരണം നല്‍കുന്നതുള്‍പ്പെടെ വിവിധ ശൃംഖലകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്.

പ്രാഥമികാരോഗ്യ സംവിധാനത്തിലൂടെ സേവനസന്നദ്ധരായ നഴ്സുമാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ സാമൂഹിക പങ്കാളിത്തത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ശക്തമായ ഊന്നല്‍ നല്‍കുന്നതാണ് കേരള മോഡല്‍. ആവശ്യമായ ഓരോ വ്യക്തിക്കും ഗുണമേന്മയുള്ള സാമൂഹികാധിഷ്ഠിതമായ സാന്ത്വന ഗൃഹ പരിചരണം ലഭ്യമാക്കുക എന്നതാണ് കേരളത്തിന്റെ സാന്ത്വന പരിചരണ നയത്തിന്റെ ലക്ഷ്യമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തി.

സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കണ്ടറി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളജുകളിലും ആര്‍.സി.സി.യിലും എം.സി.സി.യിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന ക്യാമ്പയിന്‍ വകുപ്പ് സംഘടിപ്പിച്ചിരുന്നു.

ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.