വീണ വിജയന് മാസപ്പടി: എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

വീണ വിജയന് മാസപ്പടി:  എസ്എഫ്‌ഐഒ അന്വേഷണത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സഭ നിര്‍ത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ നോട്ടീസിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്ലക്കാഡുകളും ബാനറുകളുമായി സ്പീക്കറുടെ ചേംബറിന് മുന്നില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു. ഈ സമയം മുഖ്യമന്ത്രി സഭയില്‍ ഉണ്ടായിരുന്നില്ല.

നിയമസഭയില്‍ ചോദ്യോത്തര വേള തുടങ്ങിയതിന് പിന്നാലെയാണ് അടിയന്തര പ്രമേയം കൊണ്ടു വന്നത്. അടിയന്തര പ്രമേയത്തിന്റെ നോട്ടീസിനു പോലും അനുമതി നല്‍കാത്ത അസാധാരണ നടപടിയാണുണ്ടായതെന്ന് പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്.

ചട്ടം ലംഘിക്കുന്നില്ലെന്നും ചട്ട പ്രകാരമാണ് നോട്ടീസെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞങ്കിലും റൂള്‍ 53 ചട്ട പ്രകാരം അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കുകയായിരുന്നു. കോടതി പരിഗണനയിലുള്ള വിഷയം പരിഗണിക്കരുതെന്നാണ് ചട്ടമെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് അടിയന്തര പ്രമേയം തള്ളുകയായിരുന്നു.

പിന്നീട് മറ്റു നടപടികളിലേക്ക് സ്പീക്കര്‍ കടന്നു. ശ്രദ്ധ ക്ഷണിക്കല്‍ ആരംഭിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ഭരണപക്ഷ എംഎല്‍എമാരും പ്രതിപക്ഷത്തിനെതിരെ പ്രതിഷേധമുയര്‍ത്തി. തുടര്‍ന്ന് നേര്‍ക്കുനേരുള്ള വാക്ക്‌പോരാണുണ്ടായത്.

പ്ലക്കാര്‍ഡുകളും ബാനറുകളുമേന്തിയാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചത്. 'കേരളം കൊള്ളയടിച്ച് പി.വി ആന്‍ഡ് കമ്പനി' എന്നെഴുതിയ ബാനറുമേന്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്നും പുറത്തേക്ക് വന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.