മൂന്നാം സീറ്റിനായി കടുപ്പിച്ച് മുസ്ലീം ലീഗ്; കോട്ടയത്ത് അച്ചു ഉമ്മനെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

മൂന്നാം സീറ്റിനായി കടുപ്പിച്ച് മുസ്ലീം ലീഗ്;  കോട്ടയത്ത് അച്ചു ഉമ്മനെ  നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് യുഡിഎഫിലെ ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി.

മുന്നണിയിലെ ചെറുപാര്‍ട്ടികളായ സിഎംപി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നേതൃത്വം നടത്തിയ ചര്‍ച്ചയില്‍ ഇരു കൂട്ടരും ലോക്‌സഭാ സീറ്റ് വേണ്ടെന്നും രാജ്യസഭയിലേക്ക് പരിഗണിക്കണമെന്നുമുള്ള ആവശ്യമാണ് ഉന്നയിച്ചത്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പിന് ശേഷം കൂടുതല്‍ ചര്‍ച്ചയാകാമെന്ന ധാരണയിലെത്തി.

ഒരു സീറ്റ് അധികം ആവശ്യപ്പെടുന്ന മുസ്ലീം ലീഗുമായും സീറ്റ് മാറ്റം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായും ഇനി ചര്‍ച്ച നടക്കും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ മലബാര്‍ മേഖലയില്‍ നിന്ന് ലീഗ് ഒരു സീറ്റ് അധികം ആവശ്യപ്പെടുന്നുണ്ട്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ലെങ്കില്‍ വയനാട്. അല്ലെങ്കില്‍ കണ്ണൂര്‍, വടകര മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നാണ് ലീഗിന്റെ നോട്ടം. നിലവിലുള്ള സിറ്റിങ് സീറ്റുകള്‍ വിട്ടു നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ സാധരണ പോലെയല്ല ഇത്തവണ ലീഗിന്റെ മൂന്നാം സീറ്റ് ആവശ്യമെന്നും വേണമെന്ന ഉറച്ച നിലപാടിലാണെന്നുമാണ് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

കോട്ടയം സീറ്റിന്റെ പേരിലാണ് കേരള കോണ്‍ഗ്രസുമായി തര്‍ക്കമുള്ളത്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് എമ്മിനായിരുന്നു കോട്ടയം സീറ്റ്. എന്നാല്‍ ജോസ് കെ. മാണി എല്‍ഡിഎഫിലേക്ക് പോയതോടെ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നും അച്ചു ഉമ്മനെ അവിടെ മത്സരിപ്പിക്കണമെന്നും കോണ്‍ഗ്രസിനുള്ളില്‍ ആവശ്യമുണ്ട്. എന്നാല്‍ കേരള കോണ്‍ഗ്രസ് കോട്ടയം സീറ്റിനായി ആവശ്യമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി കേരള കോണ്‍ഗ്രസ് ജോസഫ്, കേരള കോണ്‍ഗ്രസ് ജേക്കബ്, ആര്‍എസ്പി നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തിയിരുന്നു. ഇതില്‍ കൊല്ലം സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ ധാരണയായി. അടുത്ത ഘട്ട ചര്‍ച്ച അഞ്ചിന് നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.