'സംഭവിക്കാന്‍ പാടില്ലാത്തത്, മാപ്പ്'; സമൂഹ മാധ്യമങ്ങളിലൂടെ ചൂഷണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളോട് സക്കര്‍ബര്‍ഗ്

'സംഭവിക്കാന്‍ പാടില്ലാത്തത്, മാപ്പ്'; സമൂഹ മാധ്യമങ്ങളിലൂടെ ചൂഷണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളോട് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: സമൂഹ മാധ്യമങ്ങളിലൂടെ ചൂഷണത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളോട് മാപ്പ് പറഞ്ഞ് ഫെയ്‌സ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളും സുരക്ഷാഭീഷണികളും സംബന്ധിച്ച് അമേരിക്കന്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റി നടത്തിയ വിചാരണയിലാണ് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍.

കുട്ടികള്‍ക്കുനേരേയുള്ള അതിക്രമങ്ങള്‍ തടയാന്‍ ടെക് കമ്പനികള്‍ നടപടിയെടുക്കുന്നില്ലെന്ന് വ്യാപക ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു വിചാരണ. മെറ്റ മേധാവിക്ക് പുറമെ ടിക് ടോക്ക്, സ്നാപ്പ്, എക്സ്, ഡിസ്‌കോര്‍ഡ് എന്നിവയുടെ സിഇഒമാരും നാലുമണിക്കൂര്‍ നീണ്ട ഹിയറിങ്ങില്‍ നേരിട്ട് പങ്കെടുത്തിരുന്നു.

'ദുഷ്‌കരമായ അവസ്ഥയിലൂടെ നിങ്ങള്‍ക്ക് കടന്നുപോകേണ്ടി വന്നതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഇത്തരം വേദനകള്‍ ഒരു കുടുംബത്തിനുമുണ്ടാകരുത്. അതിനാണ് ഞങ്ങള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്''- സക്കര്‍ബര്‍ഗ് പറഞ്ഞു. ഇത്തരം പ്രത്യാഘാതങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങള്‍ മെറ്റ വിപുലീകരിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമ മേധാവികളുടെയും സ്ഥാപനങ്ങളുടെയും കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്ന് ചര്‍ച്ചയ്ക്കിടെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമും പറഞ്ഞു. ആളുകളെ കൊല്ലാനുള്ള ഉത്പന്നമാണ് കയ്യിലുള്ളതെന്നും സുക്കര്‍ബര്‍ഗിനെ അഭിസംബോധന ചെയ്ത് ലിന്‍ഡ്സി ആരോപിച്ചു. സമൂഹ മാധ്യമ സൈറ്റുകള്‍ വന്‍തോതില്‍ കൗമാരക്കാരെ വഴി തെറ്റിച്ചു എന്നും ആരോപണമുയര്‍ന്നു. തന്റെ സമൂഹ മാധ്യമ സൈറ്റുകള്‍ വേദനിപ്പിച്ച എല്ലാ കുടുംബത്തോടും താന്‍ പരസ്യമായി മാപ്പുപറയുന്നതായി സക്കര്‍ ബര്‍ഗ് അറിയിച്ചു.

കുട്ടികള്‍ക്ക് കടുത്ത ദൂഷ്യങ്ങള്‍ സമ്മാനിച്ച ശതകോടീശ്വരനായ സക്കര്‍ബര്‍ഗ് ഇവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് മിസൗറിയില്‍ നിന്നുള്ള സെനറ്റംഗം ജോഷ് ഹാവ്ലി ആവശ്യപ്പെട്ടു. ഈ സാങ്കേതിക ഭീമന്‍മാര്‍ കുട്ടികള്‍ക്കും അവരുടെ കുടുംബത്തിനുമുണ്ടാക്കിയ നഷ്ടം എത്ര കടുത്തതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ ആവശ്യം.

കുട്ടികള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ തടയാന്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം മേധാവികള്‍ എന്തുചെയ്യുന്നുവെന്നതിനെ മുന്‍ നിര്‍ത്തിയായിരുന്നു ഹിയറിങ്. കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനേക്കാള്‍ ലാഭമുണ്ടാക്കാനാണ് സാമൂഹ്യമാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. ഈ പ്രശ്‌നം പരിഹരിക്കപ്പെടണമെന്ന ശക്തമായ ആവശ്യം മാതാപിതാക്കളും മാനസികാരോഗ്യ വിദഗ്ധരും ഉയര്‍ത്തുന്നുണ്ട്. ഇതിലേക്കുള്ള പ്രവര്‍ത്തനങ്ങളുടെ ഏറ്റവും പുതിയ ഇടപെടലായിരുന്നു കഴിഞ്ഞ ദിവസം സെനറ്റ് നടത്തിയത്.

നിരവധി കുട്ടികളുടെ രക്ഷിതാക്കളാണ് വിചാരണ നടക്കുന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നത്. തങ്ങളുടെ കുട്ടികളുടെ ചിത്രങ്ങളുമേന്തിയാണ് ഇവര്‍ എത്തിയത്. ഈ കുടുംബങ്ങളുടെ ദുഃഖത്തില്‍ വിചാരണ കോടതി മുറി നിശബ്ദമായി. ടെക്സാസില്‍ നിന്നുള്ള സെനറ്റംഗം ടെഡ് ക്രൂസ്, സൗത്ത് കരോലിന സെനറ്റംഗം ലിന്‍ഡ്സെ ഗ്രഹാം തുടങ്ങിയവര്‍ വിചാരണയില്‍ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.