തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ നിരവധി പെല്ലറ്റുകള്‍ കൊണ്ടതിന്റെ പാടുകള്‍; ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വനം വകുപ്പ്

 തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ നിരവധി പെല്ലറ്റുകള്‍ കൊണ്ടതിന്റെ പാടുകള്‍; ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് വനം വകുപ്പ്

ബംഗളൂരു: മാനന്തവാടിയില്‍ നിന്ന് പിടികൂടിയതിന് പിന്നാലെ ചരിഞ്ഞ കാട്ടാന തണ്ണീര്‍ക്കൊമ്പന്റെ ശരീരത്തില്‍ ധാരാളം പെല്ലറ്റുകള്‍കൊണ്ട പാടുകളുണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസമേഖലയിലോ എത്തിയപ്പോള്‍ കൊണ്ടതാകാമെന്നാണ് നിഗമനം.

നടപടികളില്‍ വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് വനം വകുപ്പ് വ്യക്തമാക്കി. തണ്ണീര്‍ക്കൊമ്പന്‍ ദൗത്യം വിശകലനം ചെയ്യാന്‍ അഞ്ചംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണ്. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

തണ്ണീര്‍ക്കൊമ്പന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്നലെ പുറത്തുവന്നിരുന്നു. ആനയുടെ ഹൃദയവും ശ്വാസകോശവും ഒരുമിച്ച് നിലച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലിന്റെ ഇടത് തുടയില്‍ പഴക്കമുള്ള മുറിവുണ്ട്. കാലിലെ പഴുപ്പ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്കും പടര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തണ്ണീര്‍ക്കൊമ്പന്‍ ചരിഞ്ഞത് ഹൃദയാഘാതം മൂലമെന്ന് കര്‍ണാടക വനംവകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവച്ച് പിടികൂടാനായത്. തുടര്‍ന്ന് എലിഫന്റ് ആംബുലന്‍സില്‍ കര്‍ണാടകയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പ്രാഥമിക പരിശോധനകള്‍ക്കു ശേഷം തണ്ണീര്‍ കൊമ്പനെ കാട്ടിലേക്ക് തുറന്നുവിടാനുള്ള തീരുമാനത്തിനിടെയാണ് ദാരുണ സംഭവമുണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.