തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രനും തൃശൂരില്‍ വി.എസ് സുനില്‍കുമാറും വയനാട്ടില്‍ ആനി രാജയും മത്സരിച്ചേക്കും. മാവേലിക്കരയില്‍ എഐവൈഎഫ് നേതാവ് സി.എ അരുണ്‍ കുമാറിനാണ് സാധ്യത.
 ഹൈദരാബാദില്‍ ചേര്‍ന്ന സിപിഐ ദേശീയ നേതൃയോഗത്തിലാണ് ധാരണയുണ്ടായത്. സംസ്ഥാന കൗണ്‍സിലില്‍ അന്തിമ തീരുമാനം ഉണ്ടാകും. 2004 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച പി.കെ വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യന്‍ രവീന്ദ്രന്‍ തിരുവനന്തപുരത്ത് നേരത്തെ എം.പിയായത്. 
ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. തിരുവനന്തപുരത്ത് ദേശീയ നേതാക്കളെ ആരെയെങ്കിലും മത്സരിപ്പിക്കാനാണ് ബിജെപി ആലോചിക്കുന്നത്.
സംസ്ഥാനത്ത് ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃശൂരില്‍ മുന്‍ മന്ത്രികൂടിയായ വി.എസ് സുനില്‍കുമാര്‍ എത്തുന്നതോടെ ത്രകോണ മത്സരം ശക്തമാകും. വി.എസ് സുനില്‍ കുമാര്‍ തൃശൂരില്‍ നിന്നും കൈപ്പമംഗലത്തു നിന്നും പഴയ ചേര്‍പ്പ് നിയമസഭാ മണ്ഡലത്തില്‍നിന്നും എംഎല്‍എയായിട്ടുണ്ട്. 
സിറ്റിങ് എം.പിയായ ടി.എന്‍ പ്രതാപന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.  മുന്‍ രാജ്യസഭാ എം.പി കൂടിയായ നടന്‍ സുരേഷ് ഗോപി ഇവിടെ ബിജെപി സ്ഥാനാര്‍ഥിയായി പ്രചാരണം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.
നിലവില്‍ രാഹുല്‍ ഗാന്ധിയാണ് വയനാട് എം.പി. ബിജെപിക്കെതിരെ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുല്‍ ഗാന്ധി അവര്‍ക്ക് ശക്തിയില്ലാത്ത വയനാട്ടില്‍ വന്ന് മത്സരിക്കുന്നതിനെതിരെ സിപിഐ പലവട്ടം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് ദേശീയ നേതാവിനെ തന്നെ മത്സരിപ്പിക്കാന്‍ സിപിഐ ഒരുങ്ങുന്നത്. 
സിപിഐയുടെ യുവജന വിഭാഗത്തിന്റെ നേതാവായ സി.എ അരുണ്‍ കുമാര്‍ നിലവില്‍ കൃഷി മന്ത്രി പി. പ്രസാദിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗമാണ്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ നേരിടാന്‍ യുവ നേതാവിനെ ഇറക്കാനാണ് നിലവില്‍ സിപിഐ തീരുമാനം. അതേസമയം ഇത്തവണ മത്സരത്തിനില്ലെന്ന നിലപാടിലാണ് കൊടിക്കുന്നില്‍ സുരേഷ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.