ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടെന്ന് സുപ്രീം കോടതി. ജനാധിപത്യം അവഹേളിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് വരാണാധികാരിയെ രൂക്ഷമായി വിമര്‍ശിച്ച പരമോന്നത നീതിപീഠം, ഇങ്ങനെയാണോ തിരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ചോദിച്ചു.
ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. വരണാധികാരി 19 ന് സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകണം. വരണാധികാരി അനില്‍ മസീഹിനെതിരെ പ്രോസിക്യുഷന്‍ നടപടി ഉണ്ടാകുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ചണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം. കോടതിയെ പോലും ഞെട്ടിക്കുന്ന നടപടിയാണ് മേയര്‍ തിരഞ്ഞെടുപ്പില്‍ നടന്നത്.
വിഷയത്തില്‍ ഇടപെട്ട് ഇടക്കാല ഉത്തരവ് നല്‍കുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. മേയര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് കൈമാറാനും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.
ഇന്ന് വൈകുന്നേരം അഞ്ചിനകം നിര്‍ദേശം പാലിച്ചിരിക്കണം. ബാലറ്റുകള്‍, വീഡിയോ ദൃശ്യങ്ങള്‍ തുടങ്ങിയവ ഭദ്രമായി സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചണ്ഡീഗഡ് മേയര്‍ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് ആം ആദ്മി പാര്‍ട്ടി കോടതിയെ സമീപിച്ചത്.
മേയര്‍ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടിയുടെ കുല്‍ദീപ് കുമാറിനെയാണ് ബിജെപിയുടെ മനോജ് സാങ്കര്‍ പരാജയപ്പെടുത്തിയത്. 35 അംഗ ചണ്ഡീഗഡ് കോര്‍പറേഷനില്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകള്‍ നേടിയാണ് മനോജ് വിജയിച്ചത്.
കുല്‍ദീപിന് 12 വോട്ടുകള്‍ ലഭിച്ചു. എട്ടു വോട്ടുകള്‍ അസാധുവാണെന്ന് പ്രിസൈഡിങ് ഓഫീസര്‍ പ്രഖ്യാപിച്ചതോടെയാണ് തെരഞ്ഞെടുപ്പില്‍ ബിജെപി നാടകീയ വിജയം നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.