ലാവലിന്‍ കേസ് വീണ്ടും മാറ്റി; അന്തിമവാദം മെയ് ഒന്നിന്

ലാവലിന്‍ കേസ് വീണ്ടും മാറ്റി; അന്തിമവാദം മെയ് ഒന്നിന്

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് വീണ്ടും മാറ്റി. കേസിന്റെ അന്തിമവാദം മെയ് ഒന്നിന് നടക്കും. 38 തവണയാണ് ഈ കേസ് മാറ്റിവയ്ക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഇപ്പോള്‍ ലാവലിന്‍ കേസ് കേള്‍ക്കുന്നത്.

ഒക്ടോബര്‍ 31 നാണ് കേസ് അവസാനമായി സുപ്രീം കോടതി പരിഗണിച്ചത്. 2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി.

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. 86.25 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കേസ്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹര്‍ജികളുമാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

പിണറായി വിജയനെ കൂടാതെ ഊര്‍ജ വകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയാണ് ഹൈക്കോടതി 2017 ല്‍ കുറ്റവിമുക്തരാക്കിയത്. വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ കേസില്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.