പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍; പിന്നെ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഹൈക്കോടതി

പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍; പിന്നെ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഹൈക്കോടതി

കൊച്ചി: നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതയില്‍ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ക്കിന് ലൈസന്‍സ് ഇല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ ലൈസന്‍സ് ഇല്ലാതെ എങ്ങനെ പാര്‍ക്ക് പ്രവര്‍ത്തിക്കുമെന്ന് കോടതി ചോദിച്ചു.

അപേക്ഷയിലെ പിഴവ് കാരണം അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ് നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം. ആവശ്യപ്പെട്ട അനുബന്ധ രേഖകളും ഹാജരാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.

ലൈസന്‍സ് ഇല്ലാത്ത പാര്‍ക്ക് അടച്ചു പൂട്ടണമെന്ന് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതില്‍ നാളെ മറുപടി നല്‍കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ക്കിന്റെ വിശദ വിവരങ്ങള്‍ അറിയിക്കാന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഹര്‍ജി ഇന്ന് പരിഗണിച്ചപ്പോഴാണ് പാര്‍ക്കിന് ലൈസന്‍സില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പഞ്ചായത്തില്‍ നിന്ന് പാര്‍ക്കിനുള്ള ലൈസന്‍സ് എടുത്തിട്ടില്ലെന്ന വിവരാവകാശ രേഖ ഹര്‍ജിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

കൂടരഞ്ഞി വില്ലേജിലെ അതീവ അപകട സാധ്യതയുള്ള മേഖലയില്‍ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൃത്യമായ അനുമതിയില്ലാതെ കുന്നിടിച്ചു നിരത്തിയാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ചതെന്നായിരുന്നു പരാതി. പാര്‍ക്ക് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താനുള്ള പഠനങ്ങളോ പരിശോധനകളോ കൂടാതെയാണ് വീണ്ടും തുറക്കാന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അനുമതി നല്‍കിയതെന്നും പരാതി ഉയര്‍ന്നിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.