ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരായ മാതാപിതാക്കളില്‍ ഒരാള്‍ക്ക് വിദേശ പൗരത്വം ഉണ്ടെങ്കില്‍ അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. നിയമം കര്‍ശനമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതോടെ വിദേശങ്ങളിലുള്ള പലര്‍ക്കും അവരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടും.
2023 ല്‍ പാസാക്കിയ പുതിയ പൗരത്വ നിയമം പ്രകാരം ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ പൗരത്വം നേടിയ കുട്ടികള്‍ക്ക് പോലും അവരുടെ മാതാപിതാക്കളില്‍ ഒരാള്‍ വിദേശ പൗരത്വം സ്വീകരിക്കുകയാണെങ്കില്‍ പൗരത്വം നഷ്ടപ്പെടും. അഞ്ച് വര്‍ഷത്തേക്കാണ് മൈനറായ കുട്ടികള്‍ക്കു പാസ്‌പോര്‍ട്ട് നല്‍കുന്നത്.
ഇന്ത്യന്‍ പൗരത്വ നിയമം (1955) എട്ടാം വകുപ്പിലെ സബ് സെക്ഷന്‍ ഒന്ന് പ്രകാരം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുന്നവരുടെ (മാതാവോ പിതാവോ) പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെടുമെന്ന് ഇതില്‍ വ്യക്തമാക്കുന്നു. അതേസമയം മൈനര്‍ പദവി തീരുന്ന മുറയ്ക്ക് നിര്‍ദിഷ്ട ഫോമില്‍ ഇന്ത്യന്‍ പൗരത്വം തുടരാനാഗ്രഹിക്കുന്നുവെന്ന് അറിയിച്ചാല്‍ പൗരത്വം ലഭിക്കുമെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
ഈ വ്യവസ്ഥ രണ്ടാഴ്ച മുന്‍പാണ് കര്‍ശനമാക്കിയതെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ വ്യക്തമാക്കുന്നു. ലണ്ടനില്‍ സ്ഥിരതാമസക്കാരായ മലയാളി കുടുംബം ഇളയ കുട്ടിയുടെ പാസ്‌പോര്‍ട്ട് പുതുക്കാനെത്തിയപ്പോഴാണ് ഇക്കാര്യം അധികൃതര്‍ അറിയിച്ചത്. കുട്ടിയുടെ മാതാവ് അടുത്തിടെ ബ്രിട്ടിഷ് പൗരത്വമെടുത്തിരുന്നു. ഇവര്‍ക്ക് ഓവര്‍സീസ് ഇന്ത്യന്‍ സിറ്റിസന്‍ കാര്‍ഡുമുണ്ട്.
നിയമം കര്‍ശനമാക്കിയതായി വിദേശകാര്യമന്ത്രാലയവും ശരിവച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പൗരത്വം സംബന്ധിച്ച നിയമങ്ങള്‍ കാലാകാലം പുതുക്കുന്നത്. ഇതു സംബന്ധിച്ച നോട്ടിസ് ആഭ്യന്തര മന്ത്രാലയം ഇറക്കിയിരുന്നു. ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കാനാഗ്രഹിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞിരിക്കണമെന്ന മുന്നറിയിപ്പോടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടിസ്.
അടുത്ത കാലത്ത് ഇന്ത്യന്‍ പൗരത്വമുപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് സമീപകാലത്ത് വിദേശങ്ങളിലേക്ക് പൗരത്വം ഉപേക്ഷിച്ച് കുടിയേറിയതെന്ന് വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പൗരത്വ നിയമം കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.
ഈ നിയമം രാജ്യത്തെ ഭീകരതയെ നേരിടാന്‍ സഹായിക്കുമെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത്. എന്നാല്‍ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള വിവേചനവുമാണ് നിയമം നടപ്പാക്കുന്നതിലൂടെ പുറത്തുവരുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.