ബംഗളുരു: ഗുരുവായൂരിലെ പാലയൂര്‍ പള്ളിയുമായി ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി ബാബുവിന്റെ പ്രസ്താവന ചരിത്രം വളച്ചൊടിക്കലാണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
ഭാരത കത്തോലിക്ക സഭയ്ക്ക് 2000 വര്‍ഷത്തെ പഴക്കമുണ്ട്. പാലയൂരില്‍ അന്ന് മുതല്‍ ക്രിസ്ത്യന്‍ മതം ഉണ്ട്. പാലയൂര്‍ പള്ളി ഇന്ത്യയിലെ തന്നെ പഴക്കം ചെന്ന ക്രിസ്ത്യന്‍ പള്ളികളില്‍ ഒന്നാണ്. ചരിത്രം പഠിച്ചാല്‍ ഇതിന്റെയൊക്കെ സത്യം മനസിലാകുമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.
ഗുരുവായൂരിലെ പാലയൂര്‍ പള്ളി ശിവക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു ഐക്യവേദി വക്താവ് ആര്‍.വി ബാബു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പോകുന്ന സമയം തൊട്ട് തനിക്ക് ഇത് അറിയാമെന്നും അദേഹം പറഞ്ഞിരുന്നു.
ഗുരുവായൂരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ സെന്റ് തോമസ് സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പള്ളികളില്‍ ഒന്നാണ് പാലയൂര്‍ പള്ളി. അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തിനൊപ്പം രാജ്യത്തെ ആദ്യ ക്രിസ്തീയ ദേവാലയങ്ങളില്‍പെട്ടതാണ് ഈ പള്ളി.
മലയാറ്റൂര്‍ പള്ളി എങ്ങനെയാണുണ്ടായതെന്ന് മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാതൃഭൂമി വാരികയില്‍ എഴുതിയിട്ടുണ്ടെന്നും അത് വായിക്കണമെന്നും ആര്‍.വി ബാബു പറഞ്ഞു. അര്‍ത്തുങ്കല്‍ പള്ളി ഹിന്ദു ക്ഷേത്രമായിരുന്നുവെന്ന് ആര്‍എസ്എസ് നേതാവ് ടി.ജി മോഹന്‍ദാസ് പറഞ്ഞത് ശരിയാണ്.
അമ്പത് വര്‍ഷം മുന്‍പ് പുറത്തിറക്കിയ സുവനീറില്‍ അത് പറഞ്ഞിട്ടുണ്ടെന്നും ആര്‍.വി ബാബു പറഞ്ഞു. ആലപ്പുഴ ജില്ലയിലെ അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കള്‍ ചെയ്യേണ്ടത് എന്നായിരുന്നു ആര്‍എസ്എസ് സൈദ്ധാന്തികനായ ടി.ജി മോഹന്‍ദാസ് മുന്‍പ് ട്വീറ്റ് ചെയ്തത്.
തൃശൂര്‍ വടക്കുംനാഥന്റെ സ്ഥലത്താണ് പുത്തന്‍ പള്ളിയും കോളജും നില്‍ക്കുന്നതെന്നും അടുത്ത കാലങ്ങളില്‍ അത് തിരിച്ചുപിടിക്കുമെന്നും ഹിന്ദുത്വവാദി നേതാവായ അഡ്വ. കൃഷ്ണരാജ് ഫേസ്ബുക്കിലൂടെ അവകാശവാദമുന്നയിച്ചിരുന്നു. വടക്കുംനാഥന്റെ ഏക്കര്‍ കണക്കിന് ഭൂമികളിലാണ് പള്ളിയും റോമന്‍ കത്തോലിക്കാ രൂപതയും പൊങ്ങിയതെന്നായിരുന്നു കുറിപ്പിലെ ആരോപണം.
അതിനിടെ
ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനിയോട് ചോദിച്ചിട്ടാണ് താന്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പ്രസ്താവനയോടും ആന്‍ഡ്രൂസ് താഴത്ത് പ്രതികരിച്ചു. ഒരു മതനേതാവും അങ്ങനെ പറയുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എന്നോട് പി.സി ജോര്‍ജ് അങ്ങനെ ചോദിച്ചിട്ടില്ല. അങ്ങനെ ചോദിച്ചാല്‍ രാഷ്ട്രീയ നിലപാട് താന്‍ നടത്തുകയുമില്ലെന്നും അദേഹം പറഞ്ഞു.
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുത്തതിന് പിന്നാലെ ബംഗളുരുവില്‍ മാധ്യമ പ്രര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.