പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ്: വ്യക്തത തേടി ഹൈക്കോടതി; കൂടരഞ്ഞി പഞ്ചായത്ത് സത്യവാങ്മൂലം സമര്‍പ്പിക്കണം

പി.വി അന്‍വറിന്റെ പാര്‍ക്കിന് ലൈസന്‍സ്: വ്യക്തത തേടി ഹൈക്കോടതി; കൂടരഞ്ഞി പഞ്ചായത്ത് സത്യവാങ്മൂലം സമര്‍പ്പിക്കണം

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിന് പ്രവര്‍ത്തിക്കാന്‍ തിടുക്കത്തില്‍ ലൈസന്‍സ് നല്‍കിയ പഞ്ചായത്തിന്റെ നടപടിയില്‍ വ്യക്തത തേടി ഹൈക്കോടതി. പഞ്ചായത്ത് നല്‍കിയ ലൈസന്‍സിന്റെ സ്വഭാവമെന്താണെന്നും പാര്‍ക്കിലെ പ്രവര്‍ത്തനം എന്തെന്ന് വ്യക്തമാക്കണമെന്നും ജസ്റ്റിസ് വിജു എബ്രാഹം നിര്‍ദേശിച്ചു.

ഇക്കാര്യത്തില്‍ കൂടരഞ്ഞി പഞ്ചായത്തും പി.വി അന്‍വറും സത്യവാങ്മൂലം നല്‍കണം. എന്തിനാണ് ലൈസന്‍സ് നല്‍കിയതെന്നും കൃത്യമായ പരിശോധന നടത്തിയ ശേഷം ലൈസന്‍സ് നല്‍കിയാല്‍ പോരേയെന്നും കോടതി ചോദിച്ചു. ലൈസന്‍സ് നല്‍കിയെങ്കിലും റൈഡുകളും പൂളുകളും ഉപയോഗിക്കാന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ വ്യക്താക്കി.

പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം അറിയിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് പഞ്ചായത്ത് ലൈസന്‍സ് നല്‍കിയതായി അറിയിച്ചത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ അന്‍വറിന്റെ പിവിആര്‍ നേച്വര്‍ പാര്‍ക്ക് പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദി സംരക്ഷണ സമിതി മുന്‍ ജനറല്‍ സെക്രട്ടറി ടി.വി രാജന്‍ നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ദുരന്ത നിവാരണ നിയമ പ്രകാരം കോഴിക്കോട് കളക്ടറാണ് പാര്‍ക്ക് അടച്ചു പൂട്ടാന്‍ 2018 ല്‍ ഉത്തരവിട്ടത്. എന്നാല്‍ എംഎല്‍എയുടെ രാഷ്ട്രീയ സ്വാധീനത്താല്‍ പാര്‍ക്ക് തുറന്നു നല്‍കാന്‍ 2023 ഓഗസ്റ്റ് 21 ന് ദുരന്ത നിവാരണ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിട്ടത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ടിക്കറ്റ് വെച്ചാണ് സന്ദര്‍ശകരെ പാര്‍ക്കില്‍ കയറ്റുന്നതെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.