തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കെഎസ്ആര്‍ടിസി ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി വാങ്ങിയ ഡബിള്‍ ഡെക്കര്‍ ബസിന്റെ ഉദ്ഘാടനം തദേശ വകുപ്പ് മന്ത്രി എം.ബി രാജേഷ് തിങ്കളാഴ്ച നിര്‍വഹിക്കും.
സ്മാര്‍ട്ട് സിറ്റി പദ്ധതി വഴി നഗരസഭയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും പണം ഉപയോഗിച്ച് വാങ്ങിയ ബസ് ആര് ഉദ്ഘാടനം ചെയ്യുമെന്ന തര്‍ക്കം കാരണം വൈകുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ബജറ്റ് ടൂറിസം സെല്‍ അധികൃതര്‍ ഉദ്ഘാടനം എന്ന് നടക്കുമെന്ന വിവരം പങ്കുവച്ചത്.
തദ്ദേശ സ്ഥാപനത്തിന്റെ പണം ഉള്‍പ്പെടുന്നതിനാല്‍ മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യണമെന്ന് ഒരു വിഭാഗവും എന്നാല്‍ ഗതാഗത മന്ത്രിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് മറുപക്ഷവും തര്‍ക്കം ഉന്നയിക്കുന്നുവെന്ന വിവരം പ്രചരിക്കുന്നതിനിടെയാണ് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചത്.
വികാസ് ഭവന്‍ ഡിപ്പോയിലോ ആനയറയിലെ സ്വിഫ്റ്റിന്റെ ആസ്ഥാനത്തോ ആയിരിക്കും ഉദ്ഘാടന ചടങ്ങും ഫ്ളാഗ് ഓഫും നടക്കുക. നിലവില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ഡബിള്‍ ഡെക്കര്‍ ബസ് സഞ്ചരിക്കുന്ന റൂട്ടിന് പുറമെ കൂടുതല്‍ സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ സര്‍വീസ് നടത്തുക.
കൂടുതല്‍ സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തുമ്പോള്‍ നിരക്കില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ 250 രൂപയാണ് നിരക്ക്. രണ്ട് ബസുകള്‍ ഉള്ളതിനാല്‍ ഒരു ബസ് ഡേ സര്‍വീസിനും രണ്ടാമത്തെ ബസ് നൈറ്റ് സര്‍വീസിനും ഉപയോഗിക്കും. അതേസമയം റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ല.
ഉദ്ഘാടനത്തിന്റെ വിശദ വിവരങ്ങള്‍ ഉടന്‍ തന്നെ കെഎസ്ആര്‍ടിസി ഔദ്യോഗിക ഫെയ്സ്ബുക് പേജ് വഴി അറിയിക്കും. പുതിയ ബസുകളില്‍ മുകള്‍ നിലയില്‍ കയറുന്നതിനായി മുന്നിലും പിന്നിലും സ്റ്റെപ്പുകള്‍ ഉണ്ട്. അഞ്ച് സിസിടിവി ക്യാമറകള്‍, ഓരോ സീറ്റിലും മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, പാനിക് ബട്ടണ്‍, സ്റ്റോപ്പ് ബട്ടണ്‍, മ്യൂസിക് സിസ്റ്റം, ടിവി, എല്‍ഇഡി ഡിസ്പ്ലേ, എല്ലാ സീറ്റുകളിലും സീറ്റ് ബെല്‍റ്റ് എന്നിവയും പുതിയ ബസിന്റെ പ്രത്യേകതകളാണ്.
ബസിന്റെ സര്‍വീസ് റൂട്ടും വിശദ വിവരങ്ങളും ചുവടെ:
സര്‍വീസ് റൂട്ടുകള്‍: രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം നാല് വരെ നീണ്ടുനില്‍ക്കുന്നതാണ് ഡേ സിറ്റി റൈഡ്. വൈകുന്നേരം അഞ്ച് മുതല്‍ രാത്രി പത്ത് വരെ നീണ്ടുനില്‍ക്കുന്നതാണ് നൈറ്റ് സിറ്റി റൈഡ്.
ഡേ സിറ്റി റൈഡ് റൂട്ടുകള്‍: രാവിലെ 9 ന് കിഴക്കേക്കോട്ട, മ്യൂസിയം, മൃഗശാല സന്ദര്‍ശനം, നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം, അക്വേറിയം, ആര്‍ട്ട് മ്യൂസിയം, കേരള കള്‍ച്ചറല്‍ മ്യൂസിയം, ക്യാപ്റ്റന്‍ ലക്ഷ്മി ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശ്രീനാരായണ ഗുരു പാര്‍ക്ക്, കനകക്കുന്ന് പാലസ്, ശേഷം വെള്ളയമ്പലത്ത് ഉച്ചഭക്ഷണം.
തുടര്‍ന്ന് പ്ലാനറ്റേറിയം, സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയം, പത്മനാഭ സ്വാമി ക്ഷേത്രം, ശേഷം കുതിര മാളിക മ്യൂസിയത്തിന് മുന്‍പില്‍ വൈകുന്നേരം നാലോടെ ഡേ റൈഡ് അവസാനിക്കും.
നൈറ്റ് സിറ്റി റൈഡ് റൂട്ടുകള്‍: വൈകുന്നേരം അഞ്ചിന് കിഴക്കേക്കോട്ട മ്യൂസിയം, പാര്‍ക്ക്, വെള്ളയമ്പലം സ്റ്റാച്യു, എയര്‍പോര്‍ട്ട്, ശംഖുമുഖം ബീച്ച്, ശംഖുമുഖം ബൈപ്പാസ്, ലുലു മാള്‍ ഷോപ്പിങ്. ശേഷം കിഴക്കേക്കോട്ടയില്‍ പത്തിന് യാത്ര അവസാനിക്കും. രണ്ട് സര്‍വീസുകള്‍ക്കും 250 രൂപയാണ് ഒരാളുടെ നിരക്ക്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.