കെപിസിസി സമരാഗ്‌നി യാത്രയ്ക്ക് കാസര്‍കോഡ് തുടക്കമായി: 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍; 29 ന് തിരുവനന്തപുരത്ത് സമാപനം

കെപിസിസി സമരാഗ്‌നി യാത്രയ്ക്ക് കാസര്‍കോഡ് തുടക്കമായി: 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍; 29 ന് തിരുവനന്തപുരത്ത് സമാപനം

കാസര്‍കോഡ്: കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സംയുക്തമായി നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രക്ക് തുടക്കമായി. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.

ഗവര്‍ണര്‍ പദവിയുടെ മാന്യത ആരിഫ് മുഹമ്മദ് ഖാന്‍ നഷ്ടപ്പെടുത്തി. എന്നാല്‍ നരേന്ദ്ര മോഡിയുടെ മുന്നില്‍ കവാത്ത് മറക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറോട് ഏറ്റുമുട്ടാന്‍ എന്ത് ധാര്‍മികതയാണ് ഉള്ളതെന്ന് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.സി.വേണുഗോപാല്‍ ചോദിച്ചു.

ബംഗാള്‍ മോഡലില്‍ സിപിഎമ്മിനെ ഭരണത്തില്‍ നിന്നിറക്കാന്‍ ക്വട്ടേഷന്‍ എടുത്തിരിക്കുന്ന നേതാവാണ് പിണറായി വിജയനെന്ന് സിപിഎം അണികള്‍ തിരിച്ചറിയണം. പദവി സംരക്ഷിക്കാനും സ്വന്തക്കാരെ സംരക്ഷിക്കുവാനും എതൊരു ഒത്തുതീര്‍പ്പിനും അദേഹം തയ്യാറാവുകയാണ്. അതിനെ തുറന്നു കാട്ടാനാണ് ഈ യാത്രയെന്നും വേണുഗോപാല്‍ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപത് സീറ്റുകളും നേടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് സമരാഗ്‌നി പ്രക്ഷോഭ യാത്രയെന്നും അദേഹം പറഞ്ഞു.

കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, കെ. മുരളീധരന്‍, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങി നിരവധി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

നാളെ രാവിലെ 10 ന് നഗരസഭാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ജനകീയ ചര്‍ച്ചാ സദസില്‍, വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുമായി നേതാക്കള്‍ സംവദിക്കും. ഉച്ചയ്ക്ക് 12 ന് കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത വാര്‍ത്താ സമ്മേളനമുണ്ടാകും. സമരാഗ്‌നിയുടെ ഭാഗമായി 14 ജില്ലകളിലായി 30 സമ്മേളനങ്ങള്‍ നടക്കും. യാത്ര 29 ന് തിരുവനന്തപുരത്ത് സമാപിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.