ന്യൂഡല്‍ഹി: കേരളത്തില്‍ മാത്രമേ മൂന്നിരട്ടി തുക ക്വോട്ട് ചെയ്യുന്നവര്‍ക്ക് കരാര്‍ നല്‍കുന്നത് കാണാന്‍ കഴിയൂവെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. കണ്ണൂര്‍ കോടതി കെട്ടിടത്തിന്റെ നിര്‍മാണ കരാര്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് നല്‍കിയതിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ.കെ മഹേശ്വരി, ജസ്റ്റിസ് സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിമര്‍ശനം.
എന്നാല്‍ സാധാരണ സൊസൈറ്റി പോലെയല്ല തങ്ങളെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി സുപ്രീം കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന് 82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സൊസൈറ്റിയാണ് തങ്ങളുടേത്. മൂന്ന് ഇരട്ടിയില്‍ അധികം തുകയാണ് ക്വോട്ട് ചെയ്തതെന്ന വാദം ശരിയല്ലെന്നും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി കോടതിയില്‍ പറഞ്ഞു.
കണ്ണൂര്‍ കോടതി സമുച്ചയത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് ഉടമ മുഹമ്മദ് അലിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങള്‍ ക്വോട്ട് ചെയ്ത തുകയെക്കാളും ഒരു കോടി 65 ലക്ഷം രൂപ അധികം തുക ക്വോട്ട് ചെയ്ത ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുകയായിരുന്നുവെന്നും മുഹമ്മദ് അലി ചൂണ്ടിക്കാട്ടി.
116 വര്‍ഷം പഴക്കമുള്ള കണ്ണൂരിലെ കോടതി കെട്ടിടം പൊളിക്കുന്നത് ഊരാളുങ്കല്‍ സൊസൈറ്റിക്കു വേണ്ടി പൊതുമരാമത്ത് വകുപ്പ് തടഞ്ഞെന്ന് നിര്‍മാണ്‍ കണ്‍സ്ട്രക്ഷന്‍സ് സുപ്രീം കോടതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം സംസ്ഥാന സര്‍ക്കാര്‍ തള്ളി. കോടതിയുടെ നിര്‍മാണമായതിനാല്‍ കേസ് അനന്തമായി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കേസ് മാര്‍ച്ച് 12 ന് വീണ്ടും പരിഗണിക്കും.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.