മാനന്തവാടിയില്‍ കര്‍ഷകനെ കൊന്ന ആനയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഉടനെന്ന് വനം മന്ത്രി

മാനന്തവാടിയില്‍ കര്‍ഷകനെ കൊന്ന ആനയെ മയക്കുവെടി വയ്ക്കും; ഉത്തരവ് ഉടനെന്ന് വനം മന്ത്രി

കോഴിക്കോട്: മാനന്തവാടിയില്‍ കര്‍ഷകനെ കൊലപ്പെടുത്തിയ കാട്ടാനയെ മയക്കുവെടി വയ്ക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സിഗ്‌നല്‍ ലഭിക്കുന്നതില്‍ മൂന്ന് മണിക്കൂര്‍ നേരം ഗാപ്പ് ഉണ്ടായിരുന്നു. അത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചു. ഇതില്‍ ഇപ്പോള്‍ ആരെയും കുറ്റപ്പെടുത്താനില്ല. മനുഷ്യ സാധ്യമായതെല്ലാം ചെയ്യുമെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കുകയാണ്. നിരീക്ഷണത്തിന് നിലവില്‍ കേന്ദ്രീകൃത സംവിധാനങ്ങള്‍ ഇല്ലെന്നും പ്രോട്ടോകോള്‍ വേണമെന്നും മന്ത്രി പറഞ്ഞു.

വയനാട്ടിലേക്ക് പോകേണ്ട സാഹചര്യുമുണ്ടായാല്‍ അങ്ങോട്ട് പോകും. എല്ലാവരും വനം വകുപ്പിനെതിരെയാണ് രംഗത്ത് വരുന്നത്. കോടതിയും ജനവും വനം വകുപ്പിനെ വിമര്‍ശിക്കുന്നു. ഇത് ജീവനക്കാരുടെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്നും അദേഹം പറഞ്ഞു.

അതിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധം തുടരുകയാണ്. മാനന്തവാടിയില്‍ പ്രതിഷേധക്കാര്‍ റോഡ് ഉപരോധിക്കുകയും വാഹനങ്ങള്‍ തടയുകയും ചെയ്തു. സ്ഥലത്തെത്തിയ ജില്ലാ കളക്ടറേയും ജില്ലാ പൊലീസ് സൂപ്രണ്ടിനേയും മൃതദേഹം കാണാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല.

ഇന്ന് രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ 47 കാരനായ പനച്ചിയില്‍ അജി കൊല്ലപ്പെട്ടത്. മതില്‍ പൊളിച്ചെത്തിയ ആന അജിയെ ആക്രമിക്കുകയായിരുന്നു. രാവിലെയാണ് മാനന്തവാടി ചാലി ഗദ്ധയില്‍ കാട്ടാന എത്തിയത്. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്.

കാട്ടാന ജനവാസമേഖലയില്‍ തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ കുറുവ, കുറുക്കന്മൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളില്‍ ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. നേരത്തെ തണ്ണീര്‍ കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.