ഉത്തരാഖണ്ഡ് സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി; 5000 പേര്‍ക്കെതിരെ കേസെടുത്തു

ഉത്തരാഖണ്ഡ് സംഘര്‍ഷം: കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി; 5000 പേര്‍ക്കെതിരെ കേസെടുത്തു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വനിയിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച മദ്രസ പൊളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു കഴിഞ്ഞ ദിവസം വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. മസ്ജിദും അതിനോട് ചേര്‍ന്ന മദ്രസയും സര്‍ക്കാര്‍ ഭൂമി കയ്യേറി അനധികൃതമായി നിര്‍മിച്ചതാണെന്നും അത് പൊളിച്ച് മാറ്റണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മദ്രസ പൊളിച്ചു നീക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ജനങ്ങള്‍ സംഘടിച്ച് എത്തുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഇതോടെ പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ തിരിഞ്ഞു. സംഭവത്തില്‍ രണ്ട് പേര്‍ മരിക്കുകയും പൊലീസുകാര്‍, ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പടെ മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും പൊലീസ് ബസും പ്രതിഷേധക്കാര്‍ കത്തിച്ചതോടെയാണ് ആക്രമം രൂക്ഷമാകുന്നത്. അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 50 ഓളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അജ്ഞാതരായ 5,000 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയവര്‍ക്കെതിരെ കര്‍ശനമായ ദേശീയ സുരക്ഷാ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് പോലീസ് മേധാവി അഭിനവ് കുമാര്‍ പറഞ്ഞു.

അക്രമം നടന്ന ഹല്‍ദ്വനിയുടെ സമീപ പ്രദേശങ്ങളില്‍ നിന്ന് കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും ബന്‍ഭൂല്‍പുര മേഖലയില്‍ നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷ ബാധിത പ്രദേശത്ത് തുടര്‍ച്ചയായി പട്രോളിംഗ് നടക്കുന്നുണ്ടെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഹല്‍ദ്വാനിയില്‍ ക്യാമ്പ് ചെയ്യുന്ന എഡിജിപി എ.പി അന്‍ഷുമാന്‍ പറഞ്ഞു.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.