ന്യൂഡല്‍ഹി: വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ 13 ന് നടക്കുന്ന ഡല്‍ഹി ചലോ മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബ്, ഹരിയാന, ഡല്‍ഹി സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ പൊലീസിനെയും അര്‍ധ സൈനികരെയും വിന്യസിച്ചു.
പഞ്ചാബുമായുള്ള പ്രധാന അതിര്‍ത്തികള്‍ ഹരിയാന സര്‍ക്കാര്‍ അടച്ചു. പഞ്ച്കുളയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഹരിയാനയില്‍ റോഡുകളില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നിരത്തി. ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കൂട്ടമായി എസ്എംഎസ് അയക്കുന്നതിനും ഡോങ്കിള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രണമുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചില്‍ ഇരുന്നൂറിലേറെ സംഘടനകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ മാര്‍ച്ച് പ്രഖ്യാപിച്ച കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഊര്‍ജ്ജിത ശ്രമം തുടങ്ങി. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന കര്‍ഷക സംഘടനാ നേതാക്കളുടെ യോഗം നാളെ വൈകുന്നേരം അഞ്ചിന് ചണ്ഡീഗഡില്‍ നടക്കും.
സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച തുടങ്ങിയ സംഘടനാ നേതാക്കള്‍ക്കാണ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയിട്ടുള്ളത്. കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട, ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.