കമല്‍നാഥും ബിജെപിയിലേക്കോ?.. വാഗ്ദാനം രാജ്യസഭാ സീറ്റ്; ചര്‍ച്ചകള്‍ സജീവം

 കമല്‍നാഥും ബിജെപിയിലേക്കോ?.. വാഗ്ദാനം രാജ്യസഭാ സീറ്റ്; ചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ നയിച്ച മുതിര്‍ന്ന നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തം.

നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത പരാജയത്തിന് ശേഷം ഗാന്ധി കുടുംബവുമായുള്ള അദേഹത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. ഉറപ്പെന്ന് കരുതിയ സംസ്ഥാനം കൈവിട്ടു പോയതില്‍ രാഹുല്‍ ഗാന്ധി തന്റെ നീരസം നേരിട്ട് പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് കമല്‍നാഥ് സോണിയ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡില്‍ നിന്ന് അനുകൂല തീരുമാനത്തിന് സാധ്യതയില്ലെന്ന് കണ്ടതോടെയാണ് ബിജെപിയിലേക്ക് ചേക്കേറാനുള്ള നീക്കം അദേഹം ആരംഭിച്ചത്.

ബിജെപി നേതൃത്വവുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായും കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്‌സഭാ സീറ്റും ബിജെപി വാഗ്ദാനം ചെയ്‌തെന്നുമാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. 13 ന് കോണ്‍ഗ്രസ് എംഎല്‍എമാരെ കമല്‍നാഥ് അത്താഴ വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.

അതിനിടെ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കമല്‍നാഥിന്റെയടക്കം പാര്‍ട്ടി പ്രവേശനം കൂടിക്കാഴ്ചയില്‍ വിഷയമായെന്നാണ് സൂചന. രാജ്യസഭാ എംപി വിവേക് തന്‍ഖയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.