വത്തിക്കാൻ സിറ്റി: തങ്ങളുടെ ആട്ടിൻകൂട്ടങ്ങളെ വിശ്വസ്തതയോടെ സേവിക്കുന്ന പുരോഹിതന്മാരെ പ്രശംസിച്ച് ഫ്രാൻസിസ് മാർപാപ്പ. മരിക്കുകയും മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശു ക്രിസ്തുവിൽ വെളിപ്പെടുത്തിയ ദൈവസ്നേഹത്തിൻ്റെ സൗന്ദര്യം നമ്മുടെ ജീവിത സാക്ഷ്യത്തിലൂടെ ജനം കണ്ടെത്തട്ടെയന്ന് പാപ്പ പറഞ്ഞു.
ക്രിസ്തുവിനെപ്പോലെയുള്ള വൈദികർ രൂപപ്പെടുന്നതിന് സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കാനും ദൈവജനത്തോടൊപ്പമായിരിക്കാനും നല്ല രീതിയിൽ സേവനമനുഷ്ഠിക്കാനും വൈദികരോട് പാപ്പാ ആഹ്വാനം ചെയ്തു. വൈദികരുടെ തുടർപരിശീലനത്തിന്റെ ഭാഗമായി വത്തിക്കാനിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ സംബന്ധിക്കുന്നവർക്കു നൽകിയ സന്ദേശത്തിലാണ് പാപ്പായുടെ ഈ ആഹ്വാനം.
നിങ്ങളിലെ ദൈവികവരം വീണ്ടും ഉജ്വലിപ്പിക്കണമെന്ന (2 തിമോത്തി 1: 6) തിമോത്തിയോസിനോടുള്ള വിശുദ്ധ പൗലോസിന്റെ ആഹ്വാനത്താൽ പ്രേരിതരായി പരസ്പരം ശ്രവിക്കാനും അപ്പസ്തോലികമായ പൗരോഹിത്യസേവനത്തിന്റെ തീക്ഷ്ണത കെട്ടുപോകാതെ മുന്നോട്ടുപോകാനും പാപ്പാ വൈദികരോട് ആഹ്വാനം ചെയ്തു. കാര്യക്ഷമമായ സേവനമെന്നതാണ് ക്രിസ്തുവിന്റെ സേവകർക്കുണ്ടായിരിക്കേണ്ട മുഖമുദ്ര.
ദൈവം നമ്മെ കരുണയോടെയും ആർദ്രതയോടെയും സ്നേഹിക്കുന്നു എന്നതാണ് സുവിശേഷം നൽകുന്ന സന്തോഷകരമായ വാർത്തയെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇത് ലോകത്തോട് വിളിച്ച് പറയുവാനായും ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്താനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. അതുവഴി മരിച്ച് ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിലൂടെ വെളിവാകുന്ന ദൈവത്തിന്റെ രക്ഷാകരസ്‌നേഹം ഏവർക്കും തിരിച്ചറിയാനാകും.
രക്തസാക്ഷിയാകുന്നതിന് മുൻപ് സുവിശേഷത്തിന്റെ സാക്ഷികളാകുക എന്നതാണ് പ്രധാനപെട്ടതെന്ന് വിശുദ്ധ പോൾ ആറാമൻ പാപ്പാ പറഞ്ഞത് ഫ്രാൻസിസ് പാപ്പാ ഉദ്ധരിച്ചു. സാക്ഷിയാകാൻ സാധിക്കുന്നില്ലെങ്കിൽ ഒരുവൻ ദുഖിതനായി മാറുമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
ദൈവ ജനത്തിന്റെ ഇടയിൽ നിന്ന് വിളിക്കപ്പെട്ടവരാണ് നാം. അതിനാൽ തന്നെ അവരിൽ നിന്നും അകലാതെ നാം ജീവിക്കണം. നമ്മെ കാക്കുകയും നമ്മുടെ ക്ലേശങ്ങളിൽ താങ്ങാവുകയും നമ്മുടെ അജപാലന പ്രശ്നങ്ങളിൽ നമ്മോടൊപ്പമായിരിക്കുകയും ചെയ്യുന്നത് ദൈവ ജനമാണ്.
പൗരോഹിത്യ പരിശീലനം മറ്റെല്ലാത്തിൽ നിന്നും വേറിട്ട ഒന്നായി മാറാതെ ദൈവജനത്തിന്റെയും പുരോഹിതരുടെയും സഹായ സഹകരണങ്ങൾ സ്വീകരിച്ച് കൊണ്ടുള്ള ഒന്നായി മാറേണ്ടതുണ്ട്. സ്ത്രീ പുരുഷന്മാർക്കും അവിവാഹിതർക്കും വിവാഹിതർക്കും യുവജനങ്ങൾക്കും വയോധികർക്കും പാവപ്പെട്ടവർക്കും സഹനങ്ങളിലൂടെ കടന്നുപോകുന്നവർക്കും നമ്മെ ഏറെ പഠിപ്പിക്കാനുണ്ടെന്ന് പാപ്പാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.