കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം നല്‍കും

കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം നല്‍കും

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞ മാനന്തവാടി ചാലിഗദ്ദയിലെ പനച്ചിയില്‍ അജീഷിന്റെ കുടുംബത്തിന് മാനന്തവാടി രൂപത പത്ത് ലക്ഷം രൂപ ധനസഹായം നല്‍കും. രൂപതയുടെ സാമൂഹ്യ സേവന പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസേര്‍ച്ചും ചേര്‍ന്നാണ് അജീഷിന്റെ കുടുംബത്തിന് സഹായം നല്‍കുക.

ഈ തുക മരണമടഞ്ഞ അജീഷിന്റെ രണ്ട് കുട്ടികളുടെയും പേരില്‍ മാനന്തവാടിയിലെ ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍ സ്ഥിരനിക്ഷേപം നടത്തുമെന്ന് മാനന്തവാടി രൂപത അറിയിച്ചു. കുട്ടികള്‍ക്ക് 18 വയസ് തികയുമ്പോള്‍ തുക അവരുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാം. ബയോവിന്‍ അഗ്രോ റിസേര്‍ച്ചില്‍ അംഗമായിരുന്ന അജീഷ് പനച്ചിയില്‍ വളരെ നല്ല ഒരു സംഘാടകനും പടമല ഇടവകയിലെ സജീവ പ്രവര്‍ത്തകനും കൈക്കാരനും കൂടിയായിരുന്നു.

ഇതുസംബന്ധിച്ച് വിശദീകരിക്കാന്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ബയോവിന്‍ അഗ്രോ റിസര്‍ച്ച് ചെയര്‍മാന്‍ കം മാനേജിങ്ങ് ഡയറക്ടര്‍ ഫാ. ജോണ്‍ ചൂരപ്പുഴയില്‍, വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ബയോവിന്‍ ജനറല്‍ മാനേജര്‍ ഫാ. ബിനു പൈനുങ്കല്‍, രൂപതാ പി.ആര്‍.ഒ ഫാ. നോബിള്‍ പാറക്കല്‍, ബയോവിന്‍ പ്രോഗ്രാം ഓഫീസര്‍ പി. എ ജോസ്, പര്‍ച്ചേസ് മാനേജര്‍ ഷാജി കുടക്കച്ചിറ എന്നിവര്‍ പങ്കെടുത്തു.

വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകണമെന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ അജീഷിന്റെ മൃതദേഹം സന്ദര്‍ശിച്ച ബിഷപ് ജോസ് പൊരുന്നേടം ഇന്നലെ ആവശ്യപ്പെട്ടിരിന്നു.

അനുദിനമെന്നോണം വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും മരണപ്പെട്ട അജഷിന്റെ കുടുംബത്തിന് നല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.

അജീഷിന്റെ അകാല നിര്യാണത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും ബയോവിന്‍ അഗ്രോ റിസര്‍ച്ചും അഗാധ ദുഖം രേഖപ്പെടുത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.