വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ നോക്കുകുത്തിയാകുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിവൈഎം ബത്തേരി മേഖല

വന്യമൃഗ ശല്യം രൂക്ഷമാകുമ്പോൾ നോക്കുകുത്തിയാകുന്ന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിവൈഎം ബത്തേരി മേഖല

ബത്തേരി: കാർഷിക ജില്ലയായ വയനാട് വന്യമൃഗങ്ങളുടെ ആക്രമണങ്ങൾക്ക് ഇരയാകാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായിട്ടും ശാശ്വത പരിഹാരം കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് കെ സി വൈ എം ബത്തേരി മേഖല സമിതി കുറ്റപ്പെടുത്തി. 

പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിന് ഇരയായി ഒരു കർഷകന്റെ ജീവൻ പൊലിഞ്ഞതിന്റെ നടുക്കം മാറുന്നതിനു മുൻപേ കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് കൊല്ലപ്പെട്ടതിലൂടെ സർക്കാർ സംവിധാനങ്ങളുടെ പൂർണ പരാജയമാണ് വ്യക്തമാകുന്നതെന്ന് ബത്തേരി മേഖല പ്രസിഡന്റ്‌ ആരോൺ മാളിയംവീട്ടിൽ ചൂണ്ടികാട്ടി.

മനുഷ്യത്വരഹിതമായ നിലപാട് സ്വീകരിക്കുന്ന വനം വകുപ്പിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു എന്ന് കെ.സി.വൈ.എം ബത്തേരി മേഖലാ പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ ആരോപിച്ചു. മനുഷ്യജീവനെക്കാൾ വന്യ മൃഗങ്ങളുടെ ജീവന് വളരെ പ്രാധാന്യം നൽകുന്ന കിരാത നിയമം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചെന്നും മനുഷ്യന്റെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ടവർ നിസംഗരാകുന്നത് ജനാധിപത്യ രാജ്യത്തിന് അപമാനമാണെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.

സൂചനകളും, താക്കീതുകളും കണ്ട് അധികാരികളേ നിങ്ങൾ പഠിക്കുന്നില്ലങ്കിൽ അതിശക്തമായ സമരത്തിലേക്ക് യുവജനങ്ങൾ മുന്നിട്ടിറങ്ങുമെന്നും കെ സി വൈ എം ബത്തേരി മേഖല സമിതി അതിനു നേതൃത്വം നൽകുമെന്നും മേഖല സെക്രട്ടറി അലീന വട്ടകുന്നേൽ വ്യക്തമാക്കി.

മനുഷ്യജീവനും കാർഷിക വിളകൾക്കും സംരക്ഷണം നൽകാനുള്ള നടപടികൾ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും അവ എന്തെന്നും, എങ്ങനെ പ്രവർത്തികമാക്കുമെന്നും ജനങ്ങളെ രേഖാമൂലം ബോധ്യപ്പെടുത്തണമെന്നും കെ.സി.വൈ.എം ബത്തേരി മേഖല ആവശ്യപ്പെട്ടു.

ഹർത്താലുകൾ കൊണ്ട് നേട്ടങ്ങളൊന്നും ഉണ്ടാകുന്നില്ല എന്നത് വാസ്തവമാണെങ്കിലും ഫെബ്രുവരി 13 ചൊവ്വാഴ്ച കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ള ഹർത്താൽ, മനുഷ്യത്വം മരവിക്കാത്ത ഓരോരുത്തരോടും വിജയിപ്പിക്കുവാൻ ആഹ്വാനം ചെയ്യുകയും, നിലനിൽപ്പിന്റെ ഈ പോരാട്ടത്തിന് കെ സി വൈ എം ബത്തേരി മേഖല സമ്പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മേഖല നേതൃത്വം വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26