റെക്കോഡ് ഗോളുമായി റൊണാള്‍ഡോ

റെക്കോഡ് ഗോളുമായി റൊണാള്‍ഡോ

റീഗിയോ ഇമിലിയ: ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ യുവന്റസ് മുത്തം. ആരാധകരുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുവന്റസിനായുള്ള മത്സരത്തില്‍ കരുത്തരായ നാപ്പോളിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് യുവന്റസ് കിരീടം നേടിയത്.  4-2-3-1 ഫോര്‍മേഷനിലിറങ്ങിയ നാപ്പോളിയെ 4-4-2 ഫോര്‍മേഷനിലാണ് യുവന്റസ് നേരിട്ടത്.

കരുത്തരായ നാപ്പോളി തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ യുവന്റസ് നിര വിയര്‍ത്തെങ്കിലും 64ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രക്ഷകനായി. തകര്‍പ്പന്‍ ഗോളോടെ റൊണാള്‍ഡോ ടീമിന്റെ അക്കൗണ്ട് തുറന്നു. 80ാം മിനുട്ടില്‍ ഗോള്‍ മടക്കാന്‍ നാപ്പോളിക്ക് സുവര്‍ണ്ണാവസരം ലഭിച്ചെങ്കിലും പെനാല്‍റ്റിയെടുത്ത ലോറന്‍സോ ഇന്‍സൈന് പിഴച്ചു. ഇഞ്ചുറി ടൈമില്‍ അല്‍വാരോ മൊറാറ്റയും വലകുലുക്കിയതോടെയാണ് യുവന്റസ് കപ്പ് ഉറപ്പിച്ചു.

53 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന യുവന്റസ് എട്ടിനെതിരേ 10 ഗോള്‍ ശ്രമവും നടത്തി. യുവന്റസിന്റെ ഒമ്പതാം സൂപ്പര്‍ കോപ്പാ കിരീടമാണിത്.  കൂടുതല്‍ തവണ സൂപ്പര്‍ കോപ്പാ കിരീടം നേടിയ ടീമും യുവന്റസാണ്. 1995, 1997, 2002, 2003, 2012, 2013, 2015, 2018, 2020 എന്നീ വര്‍ഷങ്ങളിലാണ് യുവന്റസിന്റെ കിരീട നേട്ടം. ഏഴ് തവണ റണ്ണറപ്പാവാനും യുവന്റസിന് സാധിച്ചു. എസി മിലാന്‍ ഏഴ് തവണയും ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് കിരീടം നേടിയിട്ടുണ്ട്. മത്സരത്തില്‍ ഗോള്‍ നേടിയതോടെ ക്ലബ്ബിനും രാജ്യത്തിനുമായി ആകെ നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഒന്നാമതെത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചു.

ജോസെഫ് ബിക്കാനെ മറികടന്ന റൊണാള്‍ഡോയുടെ പേരില്‍ നിലവില്‍ 760 ഗോളാണുള്ളത്. ഫുട്‌ബോള്‍ ഇതിഹാസം പെലെയെയും (757) കഴിഞ്ഞിടെ റൊണാള്‍ഡോ മറികടന്നിരുന്നു.  ഈ സീസണില്‍ മികച്ച ഫോമിലാണ് റൊണാള്‍ഡോയുള്ളത്. 14 മത്സരത്തില്‍ നിന്ന് 15 ഗോളുമായി സീരി എയിലെ ഇത്തവണത്തെ ടോപ് സ്‌കോററും റൊണാള്‍ഡോയാണ്. അതേ സമയം സ്പാനിഷ് കോപ്പാ ഡെല്‍ റേയില്‍ നിന്ന് റയല്‍ മാഡ്രിഡ് പുറത്തായി. നാലാം റൗണ്ടില്‍ അല്‍ക്കോയാനോയോട് 2-1ന് പരാജയപ്പെട്ടാണ് ചാമ്പ്യന്‍ നിരയുടെ പുറത്താകല്‍. ആദ്യ ഇലവനില്‍ ബെന്‍സേമ, അസെന്‍സിയോ, ഹസാര്‍ഡ്,ടോണി ക്രൂസ് തുടങ്ങിയവരെയെല്ലാം പുറത്തിരുത്തിയ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്റെ തീരുമാനം പിഴച്ചു. 45ാം മിനുട്ടില്‍ ഇഡര്‍ മിലിട്ടോയുടെ ഗോളില്‍ റയല്‍ മുന്നിലെത്തിയപ്പോള്‍ 80ാം മിനുട്ടില്‍ ജോസ് സോല്‍ബെസിന്റെ ഗോളില്‍ അല്‍ക്കോയാനെ സമനില പിടിച്ചു.

നിശ്ചിത സമയത്ത് ഇരു ടീമും 1-1 എന്ന നിലയിലേക്കെത്തിയതോടെ മത്സരം അധിക സമയത്തേക്ക്. 110ാം മിനുട്ടില്‍ റാമോന്‍ ലോപ്പസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായിട്ടും 115ാം മിനുട്ടില്‍ ജുവാന്‍ കാസനോവയുടെ ഗോളില്‍ അല്‍ക്കോയാനെ റയലിനെ കീഴടക്കുകയായിരുന്നു. 73 ശതമാനം പന്തടക്കത്തിലും അഞ്ചിനെതിരെ 24 ഗോള്‍ ശ്രമവുമായി ആക്രമണത്തിലും മുന്നിട്ട് നിന്നിട്ടും ജയിക്കാന്‍ റയലിനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.