'മാസപ്പടിയിലെ യഥാര്‍ഥ കുറ്റവാളി മുഖ്യമന്ത്രി'; സ്പീക്കറടക്കം പിണറായിക്ക് കവചം തീര്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

 'മാസപ്പടിയിലെ യഥാര്‍ഥ കുറ്റവാളി മുഖ്യമന്ത്രി'; സ്പീക്കറടക്കം പിണറായിക്ക്  കവചം തീര്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം: മാസപ്പടിയിലെ യഥാര്‍ഥ കുറ്റവാളി മുഖ്യമന്ത്രി പിണറായി വിജയനാണന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്താമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി വിഷയത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കര്‍ സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തത്. നിലവിട്ട് പെരുമാറിയ സ്പീക്കര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്‌തെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു.

2016 ഡിസംബര്‍ മുതല്‍ വീണയ്ക്ക് മാസപ്പടി വന്നു തുടങ്ങി. കരിമണല്‍ ഖനനത്തിന് പാട്ടക്കരാര്‍ ലഭിക്കുന്നതിനായിരുന്നു ഇത്. 2018 ല്‍ വ്യവസായ നയം ഭേദഗതി ചെയ്തു. ഇത് സി.എം.ആര്‍.എല്ലിന് കരാര്‍ അനുവദിച്ചുകൊടുക്കാന്‍ വേണ്ടിയുള്ള ഭേദഗതിയായിരുന്നു.

ഭേദഗതിയുടെ ഇംഗ്ലീഷ്, മലയാളം രൂപങ്ങളില്‍ വൈരുധ്യമുണ്ട് സി.എം.ആര്‍.എല്‍ മാസപ്പടി നല്‍കിയത് കരിമണല്‍ ഖനനത്തിനാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

2019 ല്‍ കേന്ദ്രം വിവിധ തരത്തിലുള്ള ഖനനങ്ങള്‍ റദ്ദാക്കി. തുടര്‍ന്ന് സി.എം.ആര്‍.എല്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. ഈ നിവേദനം മുഖ്യമന്ത്രി നേരിട്ട് പരിശോധിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി നേരിട്ടാണ് ഇതില്‍ ഇടപെട്ടത്.

മറ്റൊരു വകുപ്പിന്റെ ഫയല്‍ മുഖ്യമന്ത്രി നേരിട്ട് വിളിച്ചുവരുത്തി. ഇതോടെ ഇതില്‍ അവസാന തീരുമാനമെടുക്കാനുള്ള അവകാശം മുഖ്യമന്ത്രിക്കായെന്നും കുഴല്‍നാടന്‍ ചൂണ്ടിക്കാട്ടി.

മൂന്ന് വര്‍ഷത്തിലേറെ എട്ട് ലക്ഷം രൂപ വീണയ്ക്ക് മാസപ്പടി ലഭിച്ചു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. എല്ലാ രേഖകളും ഒളിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രി സി.എം.ആര്‍.എല്ലിന് നല്‍കിയ സേവനത്തിന്റെ പ്രത്യുപകാരമാണ് മാസപ്പടി.

സ്പീക്കറടക്കം മുഖ്യമന്ത്രിക്ക് കവചം തീര്‍ക്കുകയാണ്. സഭയില്‍ താനിത് പറഞ്ഞിരുന്നെങ്കില്‍ മുഖ്യമന്ത്രി മറുപടി പറയാന്‍ നിര്‍ബന്ധിതനായേനേ. സി.എം.ആര്‍.എല്ലിനുവേണ്ടി വ്യവസായ വകുപ്പിന്റെ ഫയല്‍ മുഖ്യമന്ത്രി വിളിച്ചു വരുത്തി. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും കുഴല്‍നാടന്‍ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.