കടമെടുപ്പ് പരിധിയിലെ തര്‍ക്കം: സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്രവും കേരളവും ചര്‍ച്ച നടത്തും; ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

കടമെടുപ്പ് പരിധിയിലെ തര്‍ക്കം: സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്രവും കേരളവും ചര്‍ച്ച നടത്തും; ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച സംഭവത്തില്‍  കേന്ദ്രവും കേരളവും 
തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രവും കേരളവും സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

ചര്‍ച്ചയിലെ തീരുമാനം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് അറിയിക്കാന്‍ നിര്‍ദേശിച്ച സുപ്രീംകോടതി ചര്‍ച്ചയ്ക്ക് തയ്യാറായ സര്‍ക്കാരുകളെ അഭിനന്ദിച്ചു. സഹകരണ ഫെഡറലിസത്തിന്റെ മകുടോദാഹരണമാണ് ചര്‍ച്ചയ്ക്ക് തയ്യാറായ സര്‍ക്കാരുകളുടെ നടപടിയെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രശ്നം ചര്‍ച്ചകളിലൂടെ പരിഹരിച്ച് കൂടെയെന്ന് ഹര്‍ജി പരിഗണിച്ച രാവിലെ സുപ്രീം കോടതി ആരാഞ്ഞിരുന്നു. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചര്‍ച്ച നടത്തികൂടെ എന്നാണ് കോടതി ആരാഞ്ഞത്.

ഇന്ന് തന്നെ ചര്‍ച്ചക്ക് തയ്യാറാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ഉച്ചയ്ക്ക് കേസ് പരിഗണിച്ചപ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാര്‍ ആണെന്ന് കേന്ദ്രവും സുപ്രീം കോടതിയെ അറിയിച്ചു.

കേരളത്തിന്റെ സംഘം നാളെ ഡല്‍ഹിയില്‍ എത്തുമെന്നും നാളെ തന്നെ ചര്‍ച്ച ആരംഭിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. ധനകാര്യ മന്ത്രി നിയമ സഭയില്‍ ബജറ്റ് അവതരിപ്പിച്ച സാഹചര്യത്തില്‍ അടിയന്തിരമായി ചര്‍ച്ച ആവശ്യമാണെന്ന് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

കപില്‍ സിബലിന് പുറമെ, കേരളത്തിന്റെ അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പും സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശിയും സംസ്ഥാന സര്‍ക്കാരിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി. മുമ്പും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുള്ളത് ആണെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ട രമണി സുപ്രീം കോടതിയില്‍ പറഞ്ഞു.

എന്നാല്‍ ചര്‍ച്ച എന്ന നിര്‍ദേശം വന്നതിനാല്‍ വീണ്ടും ചര്‍ച്ച ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്ന് അദേഹം വ്യക്തമാക്കി. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കണമെന്ന് കപില്‍ സിബല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ചെറിയ സമയ പരിധിക്കുള്ളില്‍ തീരുമാനം ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന് കോടതി നിരീക്ഷിച്ചു.

തുടര്‍ന്നാണ് തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് കേരളത്തിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ചര്‍ച്ചയുടെ പുരോഗതി അന്ന് അറിയിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.