തിരുവനന്തപുരം: കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വണ്‍ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വര്‍ധിക്കുന്നുവെന്ന് പുതിയ പഠനം. പ്രമേഹബാധിതരായ കുട്ടികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന 'മിഠായി' പദ്ധതി 2018 ലാണ് സാമൂഹ്യ സുരക്ഷാ മിഷന്‍ ആരംഭിച്ചത്. രണ്ടായിരത്തിലേറെ കുട്ടികള്‍ അംഗമായ പദ്ധതിക്കായി കൂടുതല്‍ കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് മിഠായി പദ്ധതിയുടെ ലക്ഷ്യം. ഇന്‍സുലിനും പ്രമേഹ പരിശോധനാ കിറ്റും അടക്കം സൗജന്യമായാണ് നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പദ്ധതിയില്‍ മെല്ലെപ്പോക്ക് അനുഭവപ്പെട്ടിരുന്നു. പിന്നാലെ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം ഉറപ്പ് നല്‍കി. എന്നാല്‍ പ്രമേഹബാധിതരായ കുട്ടികളുടെ നിരവധി ആവശ്യങ്ങള്‍ പരിഗണനയില്‍ മാത്രം ഒതുങ്ങിയെന്നും ആക്ഷേപം ഉണ്ട്.
പദ്ധതിയില്‍ അംഗമാകാന്‍ രണ്ട് ലക്ഷം വരുമാനപരിധി എന്ന നിബന്ധന ഒഴിവാക്കണം. എല്ലാ ജില്ലകളിലും മിഠായി ക്ലിനിക്കുകള്‍ ആരംഭിക്കണം, 18 വയസ് കഴിഞ്ഞാല്‍ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം, ഇന്‍സുലിന്‍ മാറ്റി നല്‍കുന്ന കിറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുക ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് പരിഹരിക്കപ്പെടാനുള്ളത്. മതിയായ ഫണ്ടിന്റെ കുറവാണ് മിഠായി പദ്ധതി പോലെയുള്ള സാമൂഹ്യ സുരക്ഷ പദ്ധതികളെ പിന്നോട്ട് വലിക്കുന്നത്.
നിലവില്‍ രണ്ടായിരത്തിലേറെ അംഗങ്ങള്‍ ഉളള പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുന്നത് 1300 ഓളം പേര്‍ക്ക് മാത്രമാണ്. കൂടാതെ അപേക്ഷ നല്‍കി സഹായം കാത്ത് കിടക്കുന്നവരെയും യഥാസമയം പരിഗണിക്കേണ്ടതുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.