ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാന്‍ സിയാല്‍; പ്ലാന്റ് സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി കരാര്‍ ഒപ്പുവച്ചു

ഗ്രീന്‍ ഹൈഡ്രജന്‍ ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാവാന്‍ സിയാല്‍; പ്ലാന്റ് സ്ഥാപിക്കാന്‍ ബി.പി.സി.എല്ലുമായി കരാര്‍ ഒപ്പുവച്ചു

കൊച്ചി: പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളമായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാല്‍) ഹരിതോര്‍ജ പദ്ധതികള്‍ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ലോകത്തില്‍ ആദ്യമായി ഒരു വിമാനത്താവളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനായി സിയാല്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (ബി.പി.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചു. ബി.പി.സി.എല്ലിന്റെ സാങ്കേതിക പിന്തുണയോടെ കൊച്ചി വിമാനത്താവള പരിസരത്താണ് ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത്.

പുനരുപയോഗ യോഗ്യമായ സ്രോതസുകളില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജമുപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്നതാണ് ഗ്രീന്‍ ഹൈഡ്രജന്‍. സിയാലിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നുള്ള വൈദ്യുതോര്‍ജം ഉപയോഗിച്ച് ഭാവിയുടെ ഇന്ധനമായ ഗ്രീന്‍ ഹൈഡ്രജനാണ് ബി.പി.സി.എല്ലിന്റെ സാങ്കേതിക സഹായത്തോടെ ഉല്‍പാദിപ്പിക്കുന്നത്.

കരാര്‍ പ്രകാരം ബി.പി.സി.എല്‍ പ്ലാന്റ് സ്ഥാപിക്കുകയും വേണ്ട സാങ്കേതിക സഹായം ലഭ്യമാക്കുകയും ചെയ്യും. വൈദ്യുതിയും വെള്ളവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സിയാല്‍ ലഭ്യമാക്കും. 2025 ന്റെ തുടക്കത്തില്‍ പദ്ധതി പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പ്ലാന്റില്‍ നിന്ന് ലഭിക്കുന്ന ഇന്ധനം വിമാനത്താവള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഉപയുക്തമാക്കും. ഇതിനായി പ്രത്യേക സജീകരണങ്ങളുള്ള വാഹനങ്ങള്‍ വാങ്ങും.

ഈ പദ്ധതി സിയാലിന്റെ ഹരിതോര്‍ജ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള സോളാര്‍- ഹൈഡ്രോ പദ്ധതികളിലൂടെ രണ്ട് ലക്ഷം യൂണിറ്റ് വൈദ്യുതി സിയാല്‍ ദിവസേന ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇത് കൂടാതെയാണ് 1000 കിലോവാട്ട് സ്ഥാപിത ശേഷിയുള്ള ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് സിയാല്‍ സ്ഥാപിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.