മാസപ്പടി കേസ് ആരംഭിച്ചത് 2021 ല്‍; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നുവെന്ന് എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍

മാസപ്പടി കേസ് ആരംഭിച്ചത് 2021 ല്‍; വീണാ വിജയന്റെ മൊഴിയെടുത്തിരുന്നുവെന്ന് എസ്എഫ്‌ഐഒ ഹൈക്കോടതിയില്‍

ബംഗളൂരു: മാസപ്പടി കേസില്‍ 2021 ലാണ് അന്വേഷണം ആരംഭിച്ചതെന്ന് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്. സോഫ്റ്റ് വെയര്‍ കമ്പനിയായ എക്സാലോജിക്കും കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മിലുള്ള ദുരൂഹ ഇടപാടില്‍ മൂന്ന് വര്‍ഷം മുമ്പ് അന്വേഷണം തുടങ്ങിയെന്നും എസ്എഫ്ഐഒ കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു.

എതിര്‍ സത്യവാങ്മൂലത്തിലാണ് വീണയേയും മുഖ്യമന്ത്രിയേയും പ്രതിരോധത്തിലാഴ്ത്തിയുള്ള എസ്എഫ്ഐഒയുടെ വെളിപ്പെടുത്തല്‍.

2021 ജനുവരിയിലാണ് ചട്ട വിരുദ്ധ ഇടപാടില്‍ അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി എക്സാലോജിക്കിന്റെ ഉടമയായ വീണാ വിജയനില്‍ നിന്ന് 2022 ജൂലൈ 22 ന് നേരിട്ട് മൊഴിയെടുത്തിരുന്നു. ബംഗളൂരു ആര്‍.ഒ.സിയിലെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെയാണ് വീണ ചോദ്യം ചെയ്യലിനും മൊഴിയെടുക്കലിനും ഹാജരായത്. വീണാ വിജയന് പിഴ ഇട്ടിരുന്നതായും 2022 നവംബറിലാണ് എക്സാലോജിക്ക് പൂട്ടിയതെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു.

എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ എക്സാലോജിക് ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ എക്സാലോജിക്കിന് കര്‍ണാടക ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ ഹര്‍ജിയില്‍ വിധി പറയും വരെ വീണയെ അറസ്റ്റ് ചെയ്യരുതെന്ന് എസ്എഫ്ഐഒയ്ക്ക് കോടതി നിര്‍ദേശവുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.