കോട്ടയം: കോട്ടയത്ത് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഔദ്യോഗിക പ്രഖ്യാപനം നടത്തും. ലോക്സഭയിലേക്ക് കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടുന്നത് നാല്പതിറ്റാണ്ടിന് ശേഷമാണ്.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയര്‍മാനാണ് ഫ്രാന്‍സിസ് ജോര്‍ജ്. 1980 ലാണ് കോട്ടയത്ത് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് സിറ്റിങ് എംപി ജോര്‍ജ് ജെ. മാത്യുവിനെ ഇറക്കി കേരള കോണ്‍ഗ്രസ് എം വിജയം നേടിയിരുന്നു.
കൃത്യമായി പറഞ്ഞാല്‍ 44 വര്‍ഷത്തിന് ശേഷമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടുന്നത്. 1980 ലും കേരളാ കോണ്‍ഗ്രസ് എം ഇടതുമുന്നണിയിലും ജോസഫ് വിഭാഗം യുഡിഎഫിലുമായിരുന്നു. അന്നത്തെ വിജയം ഇത്തവണയും ആവര്‍ത്തിക്കുമോ അതോ അട്ടിമറി സംഭവിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവ് കെ.എം ജോര്‍ജിന്റെ മകനാണ് ഫ്രാന്‍സിസ് ജോര്‍ജ്. ഇടുക്കിയില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ രണ്ട് തവണ ലോക്സഭ അംഗമായിട്ടുണ്ട്. കോട്ടയത്ത് കേരള കോണ്‍ഗ്രസ് എം നേതാവും നിലവിലെ എംപിയുമായ തോമസ് ചാഴികാടനെ തന്നെ മത്സരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം.
തോമസ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ. മാണി പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എത്തുമെന്നാണ് സൂചന.
കോട്ടയത്തിന്റെ പൊതുസ്വഭാവം കണക്കിലെടുത്താല്‍ അട്ടിമറികള്‍ വന്നില്ലെങ്കില്‍ മണ്ഡലത്തില്‍ വിജയം യുഡിഎഫിന് തന്നെയാകുമെന്നാണ് വിലയിരുത്തല്‍. രമേശ് ചെന്നിത്തല പലതവണ മണ്ഡലത്തില്‍ നിന്ന് ജയിച്ചിട്ടുണ്ട്. സുരേഷ് കുറുപ്പ് അട്ടിമറി വിജയം നേടി. ജോസ് കെ മാണി, ചാഴിക്കാടന്‍ ഇവരെല്ലാം വിജയിച്ചത് യുഡിഎഫ് ടിക്കറ്റില്‍ തന്നെയാണ്. കഴിഞ്ഞ തവണ ഒരു ലക്ഷത്തില്‍ പരം വോട്ടിനാണ് ചാഴിക്കാടന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ വിയോഗം, ഭരണ വിരുദ്ധ വികാരം എന്നിവ കോട്ടയത്ത് മുന്‍തൂക്കം യുഡിഎഫിന് തന്നെയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.