കര്‍ഷക സമരം: ചര്‍ച്ചയില്‍ പുരോഗതിയില്ല, നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

കര്‍ഷക സമരം: ചര്‍ച്ചയില്‍ പുരോഗതിയില്ല, നാലാംഘട്ട ചര്‍ച്ച ഞായറാഴ്ച; പ്രക്ഷോഭം തുടരുമെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു. മൂന്നാമത്തെ ചര്‍ച്ചയിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. താങ്ങുവില ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടത്തണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നിന്നതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. ഞായറാഴ്ച വീണ്ടും ചര്‍ച്ച നടത്താനാണ് പുതിയ തീരുമാനം.

കേന്ദ്ര മന്ത്രിമാരും 14 കര്‍ഷക സംഘടനാ നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ച അഞ്ച് മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. അടുത്ത യോഗം ഞായറാഴ്ച വൈകുന്നേരം ആറിന് ചേരുമെന്ന് കേന്ദ്ര കൃഷിമന്ത്രി അര്‍ജുന്‍ മുണ്ട അറിയിക്കുകയായിരുന്നു. വിഷയത്തില്‍ സമാധാനപരമായി പരിഹാരം കാണുമെന്നും അദേഹം പറഞ്ഞു.

ചണ്ഡീഗഡില്‍ നടന്ന യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരാണ് കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും യോഗത്തില്‍ പങ്കെടുത്തിരുന്നു. വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പാക്കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ നീക്കം.

അതിര്‍ത്തി പൂര്‍ണമായി അടച്ചതിലും ഇന്റര്‍നെറ്റ് റദ്ദാക്കിയതിലും കര്‍ഷക സംഘടനാ നേതാക്കള്‍ യോഗത്തില്‍ പ്രതിഷേധം അറിയിച്ചു. കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റുകളും അമിതമായി ഉപയോഗിക്കുന്നുവെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു.

അതിനിടെ കര്‍ഷക പ്രക്ഷോഭത്തിന് നേരെ പൊലീസ് ഇന്നലെയും ശക്തമായ നടപടികളാണ് തുടര്‍ന്നത്. പഞ്ചാബ് ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ കര്‍ഷകര്‍ക്ക് നേരെ ഹരിയാന പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. മാത്രമല്ല ഹരിയാനയില്‍ ചില മേഖലകളില്‍ ശനിയാഴ്ച വരെ ടെലികോം സേവനങ്ങള്‍ റദ്ദാക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.