പാറ്റ്‌ന: ഭാരത് ജോഡോ യാത്രയുടെ ബിഹാര്‍ പര്യടനം ഇന്നവസാനിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന ജീപ്പിന്റെ സാരഥിയായി ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്.
സസാറം ജില്ലയില്‍ നിന്ന് യാത്ര കൈമൂര്‍ ജില്ല വഴി ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നതിന് മുമ്പ് ജീപ്പില്‍ സഞ്ചരിക്കുന്ന രാഹുലിന്റെയും തേജസ്വിയുടെയും ചിത്രം പുറത്തു വന്നു.
തുറന്ന ജീപ്പ് ഡ്രൈവ് ചെയ്യുന്നത് തേജസ്വി യാദവാണ്. അദേഹം തന്നെയാണ് ഈ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. ബിഹാറില്‍ കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന്റെ ശക്തിയും സംസ്ഥാനത്ത് ആര്‍ജെഡി ഇന്ത്യാ സഖ്യത്തെ നയിക്കുമെന്നും അറിയിക്കാനുള്ള ശ്രമമായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.
ജോഡോ യാത്രയുമായി രാഹുല്‍ രണ്ടാം തവണ ബീഹാറിലെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ അധികാരത്തിന്റെ ചിത്രം മാറിയിരുന്നു. പ്രതിപക്ഷ ഐക്യത്തിന് മുന്നിട്ടിറങ്ങിയ ജെഡിയു നേതാവ് നിതീഷ് കുമാര്‍ തന്നെ ബിജെപി പാളയത്തില്‍ എത്തിയതോടെ ബിഹാറിലെ മുഖ്യ സഖ്യകക്ഷികളായി കോണ്‍ഗ്രസും ആര്‍ജെഡിയും മാറി.
ഇപ്പോഴിതാ രാഹുലിന്റെ ന്യായ് യാത്രയില്‍ പങ്കെടുത്ത് ജീപ്പിന്റെ ഡ്രൈവിങ് സീറ്റ് കൈക്കലാക്കി ബാക്കിയുള്ള സഖ്യകക്ഷികള്‍ ഒറ്റക്കെട്ടാണെന്ന സന്ദേശമാണ് തേജസ്വി നല്‍കിയത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ചന്ദൗലിയില്‍ നിന്ന് കൈമൂര്‍ വഴി യുപിയില്‍ പ്രവേശിക്കും.
യുപി പ്രവേശനത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഇന്ന് യാത്രയില്‍ പങ്കെടുക്കും. ഫെബ്രുവരി 21 വരെ യാത്ര യുപിയില്‍ തുടരും. ഇക്കാലയളവില്‍ പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും.
ഈ സന്ദര്‍ശനത്തിലൂടെ 13 ജില്ലകളിലെ 27 ലോക്‌സഭാ സീറ്റുകളില്‍ നിര്‍ണായക സ്വാധീനമുണ്ടാക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ചന്ദൗലി, വാരണാസി, റായ്ബറേലി, അമേഠി തുടങ്ങിയ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.