ആനക്കലി അവസാനിക്കാതെ വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

ആനക്കലി അവസാനിക്കാതെ വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുറുവാ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

മാനന്തവാടി: വയനാട് കുറുവാ ദ്വീപിലെ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വനസംരക്ഷണ സമിതി ജീവനക്കാരന്‍ മരിച്ചു. വെള്ളച്ചാലില്‍ പോള്‍ (50) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് പോളിനെ കാട്ടാന ആക്രമിച്ചത്. പോള്‍ ജോലിക്കായി പോകുന്ന വഴി ആനക്കൂട്ടത്തിന് മുന്നില്‍ പെട്ടു. ഭയന്നോടുന്നതിനിടെ നിലത്തു വീണ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു.

ആക്രമണത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുള്‍പ്പെടെ തകരുകയും ചെയ്തു. പോളിന്റെ നിലവിളി കേട്ട് സ്ഥലത്തെത്തിയ സഹ പ്രവര്‍ത്തകരാണ് അദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. അടിയന്തര ശസ്ത്രക്രീയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സാനി. മകള്‍: സോന (പത്താം ക്ലാസ് വിദ്യാര്‍ഥി)

ദിവസങ്ങള്‍ക്ക് മുമ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് കര്‍ണാടക വിട്ടയച്ച കാട്ടാന മാനന്തവാടിയിലെത്തി പടമല പനച്ചിയില്‍ അജീഷ് എന്ന കര്‍ഷകനെ ചവിട്ടിക്കൊന്നിരുന്നു. കര്‍ണാടക വനം വകുപ്പ് കഴിഞ്ഞ നവംബര്‍ മുപ്പതിന് റേഡിയോ കോളര്‍ ഘടിപ്പിച്ച് മോലഹളളി വനത്തിലേക്ക് വിട്ട ശല്യക്കാരനായ ബേലൂര്‍ മഖ്‌ന എന്ന കാട്ടാനയാണ് അജീഷിന്റെ ജീവനെടുത്തത്.

സംഭവത്തില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധമാണ് വയനാട്ടിലുണ്ടായത്. തൊട്ടു പിന്നാലെയാണ് കാട്ടാന മറ്റൊരാളുടെയും ജീവനെടുത്തത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് മൂന്ന് കാട്ടാനകളുടെ സാന്നിധ്യമുണ്ടായതായി പ്രദേശവാസികള്‍ പറയുന്നു. ഇന്നലെ വൈകുന്നേരം ജീപ്പിന് നേരെ പാഞ്ഞടുത്തതായും നാട്ടുകാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.