റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി നവല്‍നി അന്തരിച്ചു; മരണം ജയിലില്‍

റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്സി നവല്‍നി അന്തരിച്ചു; മരണം ജയിലില്‍

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ എക്കാലത്തെയും കടുത്ത വിമര്‍ശകനായ അലക്‌സി നവല്‍നി ജയിലില്‍ അന്തരിച്ചു. 19 വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയവേയാണ് നവല്‍നിയുടെ മരണം. 47 വയസായിരുന്നു. രോഗത്തിന് ചികില്‍സ ആവശ്യപ്പെട്ട് ജയിലിലും നവല്‍നി സമരം നടത്തിയിരുന്നു.

തീവ്രവാദക്കുറ്റം ചുമത്തി 2012ലാണ് നവല്‍നിയെ ഏകാന്ത തടവിലാക്കിയത്. മോസ്‌കോയ്ക്കു 1,900 കിലോമീറ്റര്‍ വടക്കുകിഴിക്കുള്ള ഖാര്‍പ് നഗരത്തിലെ പോളാല്‍ വൂള്‍ഫ് ജയിലിലായിരുന്നു അദ്ദേഹത്തെ അടച്ചിരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പാര്‍പ്പിക്കുന്ന ജയിലാണിത്. ജയിലില്‍ നിന്ന് മുമ്പ് നടത്തിയ വീഡിയോ സന്ദേശത്തില്‍ അലക്‌സി ആരോഗ്യവാനായാണ് കാണപ്പെട്ടിരുന്നത്.

ജയില്‍ പരിസരത്തെ പതിവു നടത്തത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവല്‍നിക്ക് അല്‍പ സമയത്തിനു ശേഷം ബോധക്ഷയം സംഭവിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി. മെഡിക്കല്‍ സംഘമെത്തി അടിയന്തര വൈദ്യസഹായം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും കുറിപ്പിലൂടെ അറിയിച്ചു.

ഭീകരവാദം ഉള്‍പ്പെടെയുള്ള കൃത്യങ്ങളില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് 30 വര്‍ഷത്തിലേറെ തടവ് അനുഭവിക്കുകയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് നവാല്‍നിയും അനുയായികളും ആരോപിച്ചിരുന്നു. ഒരു തീവ്രവാദ സംഘടന സ്ഥാപിക്കുകയും അതിന് ധനസഹായം നല്‍കുകയും ചെയ്‌തെന്ന കുറ്റത്തിന് ഇക്കഴിഞ്ഞ ഏപ്രിലില്‍ നവാല്‍നിക്ക് കോടതി 19 വര്‍ഷം കൂടി തടവ് വിധിച്ചിരുന്നു. വഞ്ചനാക്കുറ്റത്തിനടക്കം നിലവില്‍ പതിനൊന്നര വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ചുവരികയായിരുന്നു അദ്ദേഹം.

2011-12 കാലത്ത് പുടിനെതിരേ അഴിമതിയും തിരഞ്ഞെടുപ്പ് ക്രമക്കേടും ആരോപിച്ച് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിച്ചതോടെയാണ് അഭിഭാഷകനായ നവല്‍നി ദേശീയ ശ്രദ്ധയാകര്‍ഷിക്കുകയും പുടിന്റെ കണ്ണിലെ കരടായി മാറുകയും ചെയ്തത്. അതിനു മുന്‍പ് പുടിന്റെയും റഷ്യന്‍ സര്‍ക്കാരിന്റെയും അഴിമതിക്കഥകള്‍ തെളിവ് സഹിതം പുറത്തുകൊണ്ടുവന്ന ബ്ലോഗറായിരുന്നു നവല്‍നി. പുടിനെതിരേ പരസ്യ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ നവല്‍നിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇത് പുടിന് വലിയ തിരിച്ചടിയായിരുന്നു.

ഇതോടെ നവല്‍നിയെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് റഷ്യന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍നിന്ന് മോസ്‌കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ബോധരഹിതനായി വീണ നവല്‍നിക്ക് വിഷപ്രയോഗമേറ്റിട്ടുണ്ടെന്നായിരുന്നു വിദഗ്ധ പരിശോധനയില്‍ വ്യക്തമായത്. വധശ്രമത്തില്‍നിന്ന് രക്ഷപെട്ട നവല്‍നി ഏറെ നാള്‍ കോമയിലായിരുന്നു. തുടര്‍ന്ന് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ജര്‍മനിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. ആരോഗ്യം വീണ്ടെടുത്ത് 2021-ല്‍ നാട്ടില്‍ തിരിച്ചെത്തിയ നവല്‍നിയെ ഏറെ വൈകാതെ അറസ്റ്റ് ചെയ്ത് ജയിലിടുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.