മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍. ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും കോഴിക്കോടെത്തിക്കാന്‍ വൈകിയെന്നും പോളിന്റെ മകള്‍ സോന മാധ്യമങ്ങളോട് പറഞ്ഞു.
മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ല. കോഴിക്കോടേക്ക് എത്തിക്കാന്‍ വൈകി. വേണ്ട ചികിത്സാ കൊടുക്കാന്‍ ഉള്ള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ രോഗിയെ അവിടെ കിടത്തരുതായിരുന്നുവെന്നും സോന പറഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ മകള് പറഞ്ഞു ആര്‍ക്കും ആ ഗതി വരരുതെന്ന്. പക്ഷെ അതെ ഗതി തനിക്കും വന്നിരിക്കുകയാണിപ്പോള്‍. തന്റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നുവെന്നും സോന പറഞ്ഞു.
വയനാട്ടില്‍ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേ എന്നാണ് സോന ചോദിക്കുന്നത്. വയനാട് ശരിക്കും വന്യമൃഗങ്ങള്‍ക്കുള്ളതാണോ അതോ മനുഷ്യര്‍ക്കുള്ളതാണോ. ഇവിടെ ജീവിക്കുന്ന മനുഷ്യര്‍ക്ക് അല്‍പം പരിഗണന നല്‍കണം. വയനാട്ടില്‍ മനുഷ്യ ജീവന് യാതൊരു വിലയുമില്ലേയെന്നും ഇവിടെ മനുഷ്യരേക്കാള്‍ കൂടുതല്‍ വന്യമൃഗങ്ങളാണുള്ളതെന്നും സോന വ്യക്തമാക്കി.
കുറുവ ദ്വീപിലെ ജീവനക്കാരനായ പാക്കം സ്വദേശി പോള്‍ ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. അവസാന നിമിഷം ആന്തരിക രക്തസ്രാവത്തെത്തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ 9.30ന് ചെറിയമല ജംക്ഷനില്‍ വച്ചാണ് പോളിനെ കാട്ടാന ആക്രമിച്ചത്. ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോള്‍ ഭയന്നോടുകയായിരുന്നു. പുറകേയെത്തിയ കാട്ടാന വീണുപോയ പോളിനെ ആക്രമിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.