തുടരുന്ന നരഹത്യ: സർക്കാർ ഒന്നാം പ്രതി

തുടരുന്ന നരഹത്യ: സർക്കാർ ഒന്നാം പ്രതി

മാനന്തവാടി: വന്യജീവി ആക്രമണവും മനുഷ്യഹത്യയും തുടര്‍ക്കഥയാകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെറും നോക്കുകുത്തിയാകുന്നതിന്റെ ഉദാഹരമാണ് വയനാട്ടില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടാമതൊരാള്‍ കൂടി ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് മാനന്തവാടി രൂപത ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.

വനംവകുപ്പില്‍ത്തന്നെ ജീവനക്കാരനായ പാക്കം സ്വദേശി വെള്ളച്ചാലില്‍ പോള്‍ തന്റെ കൃത്യനിര്‍വ്വഹണത്തിനിടെയാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. മതിയായ സന്നാഹവും സംവിധാനവുമില്ലാതെ, കുറുവടിയുമായി കടുവയെയും ആനയേയും തേടി ഇറങ്ങേണ്ടി വരുന്ന വനംവകുപ്പ് ജീവനക്കാരും പ്രതിസന്ധിയില്‍ത്തന്നെയാണെന്ന് മാർ പൊരുന്നേടം വ്യക്തമാക്കി.

സ്വന്തം ജീവനക്കാര്‍ക്ക് പോലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനാവാത്തത് വനംവകുപ്പിന്റെ സമ്പൂര്‍ണ്ണപരാജയമായി മാത്രമേ കാണാനാകൂ. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അലംഭാവം നിമിത്തം ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ ഒന്നു സന്ദര്‍ശിക്കാന്‍ പോലും വകുപ്പ് മന്ത്രി തയ്യാറായിട്ടില്ലെന്ന് ബിഷപ്പ് കുറ്റപ്പെടുത്തി . മനപൂര്‍വ്വമുള്ള നരഹത്യക്ക് സര്‍ക്കാരിനെതിരേയാണ് കേസെടുക്കേണ്ടത്. അതേസമയം തന്നെ, ഈ വിഷയത്തില്‍ രാഷ്ട്രീയലക്ഷ്യങ്ങളോടെ സമരാഹ്വാനം നടത്തുന്നവരെയും പൊതുജനം തിരിച്ചറിയേണ്ടുന്ന സമയമാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 

മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പോളിനെ വിദഗ്ദചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരണമടഞ്ഞത്. കാട്ടാനയുടെയോ കാട്ടുമൃഗത്തിന്റെയോ ആക്രമണമുണ്ടായാല്‍ ചികിത്സ ലഭിക്കാന്‍ പോലും ചുരമിറങ്ങേണ്ടി വരുന്ന വയനാടന്‍ ജനതയുടെ ദുര്‍ഗതിയിലേക്കുള്ള വിരല്‍ ചൂണ്ടലാവുകയാണ് ഈ സംഭവമെന്നും ബിഷപ്പ് പൊരുന്നേടം പറഞ്ഞു.

ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും അപ്രതീക്ഷിതവും അടുത്തടുത്തുണ്ടാകുന്നതുമായ വന്യജീവി ആക്രമണങ്ങളും ഈ നാടിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അനാസ്ഥയുടെ ആഴം വെളിപ്പെടുത്തുന്നുണ്ട്. വയനാടിന് വേണ്ടി പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികള്‍ വെറും ജലരേഖകള്‍ മാത്രമാവുകയാണ്. വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ മാനന്തവാടി രൂപത ആഴമായ ദു:ഖം രേഖപ്പെടുത്തുന്നതായും ആദരാഞ്ജലികളും പ്രാര്‍ത്ഥനകളും നേരുന്നതായും മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ് ജോസ് പൊരുന്നേടം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.