വയനാട്ടില്‍ പ്രതിഷേധം കത്തുന്നു: ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാര്‍; വനം വകുപ്പ് ജീപ്പിന് മുകളില്‍ റീത്തും കടുവ ആക്രമിച്ച പശുവിന്റെ ജഡവും കെട്ടിവച്ചു

 വയനാട്ടില്‍ പ്രതിഷേധം കത്തുന്നു: ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാര്‍; വനം വകുപ്പ് ജീപ്പിന് മുകളില്‍ റീത്തും കടുവ ആക്രമിച്ച പശുവിന്റെ ജഡവും കെട്ടിവച്ചു

പുല്‍പ്പള്ളി: വയനാട്ടില്‍ തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പ്രതിഷേധം ആളിക്കത്തുന്നു. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ കാട്ടാന ചവിട്ടിക്കൊന്ന പോളിന്റെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. പുല്‍പ്പള്ളിയിലെത്തിയ വനം വകുപ്പിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞ് റീത്ത് വച്ചു.

കടുവ ആക്രമിച്ച പശുവിന്റെ ജഡവുമായും പ്രതിഷേധിക്കുന്നുണ്ട്. പശുവിന്റെ ജഡം വനം വകുപ്പിന്റെ ജീപ്പിന് മുകളില്‍ കെട്ടിവച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്. ചര്‍ച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

ബഡ്ജറ്റുകളിലുണ്ടാകുന്ന പാക്കേജുകളൊന്നും വയനാടിന് ലഭിക്കാറില്ലെന്നും ഇങ്ങനെയാണെങ്കില്‍ വോട്ട് ബഹിഷ്‌കരിക്കുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. ജില്ലാ കളക്ടര്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി, നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവര്‍ വ്യക്തമാക്കി.
ഇന്നലെ രാവിലെ ഒമ്പതരയോടെ പാക്കം ചേകാടി റോഡിലെ കുറുവ ദ്വീപിന് സമീത്തെ വനപാതയില്‍ വച്ചാണ് കാട്ടാന പോളിനെ ആക്രമിച്ചത്. ഉടന്‍ മാനന്തവാടിയിലെ ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സര്‍ജറിക്ക് വിധേയമാക്കി. ആക്രമണത്തില്‍ വാരിയെല്ലും നട്ടെല്ലും ഒടിഞ്ഞിരുന്നു. ആന്തരിക രക്തസ്രാവം നിലയ്ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

പോളിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ, കുടുംബത്തിലൊരാള്‍ക്ക് ജോലി, കടം എഴുതിതള്ളണം അടക്കമുള്ള ആവശ്യങ്ങളാണ് നാട്ടുകാര്‍ മുന്നോട്ടുവയ്ക്കുന്നത്. ജില്ലയില്‍ 17 ദിവസത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ ആളാണ് പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.