മാനന്തവാടി രൂപതാംഗമായ ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ

മാനന്തവാടി രൂപതാംഗമായ ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേൽ കണ്ഠ്വ രൂപതയുടെ മെത്രാൻ

മാനന്തവാടി: മാനന്തവാടി രൂപതയിലെ കൂളിവയൽ ഇടവകാംഗവും ഇപ്പോൾ കണ്ഠ്വ (Khandwa) രൂപതയുടെ അഡ്മിനിസ്ട്രേറ്ററുമായ ഫാ. അഗസ്റ്റിൻ മഠത്തിക്കുന്നേലിനെ ഫ്രാൻസിസ് മാർപാപ്പ കണ്ഠ്വ രൂപതയുടെ മെത്രാനായി നിയമിച്ചു. ഉത്തർപ്രദേശിലെ ഭോപ്പാൽ അതിരൂപതയിലാണ് കണ്ഠ്വ രൂപത സ്ഥിതി ചെയ്യുന്നത്. കണ്ഠ്വ രൂപതയുടെ മെത്രാനായിരുന്ന ബിഷപ് സെബാസ്റ്റ്യൻ ദുരൈരാജിനെ 2021-ൽ ഫ്രാൻസിസ് മാർപാപ്പ ഭോപ്പാൽ അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചതിനെത്തുടർന്ന് കണ്ഠ്വ രൂപതയുടെ കണ്ഠ്വ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായിരുന്ന ബഹുമാനപ്പെട്ട അഗസ്റ്റിൻ മഠത്തിക്കുന്നേലച്ചൻ.

1963 ജൂലൈ 9-ന് മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകയിലാണ് അഗസ്റ്റിനച്ചന്‍ ജനിച്ചത്. നാഗ്പൂര്‍ മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്ര, ദൈവശാസ്ത്രപഠനത്തിന് ശേഷം 1994 ഏപ്രില്‍ 18-ന് കണ്ഠ്വ രൂപതക്ക് വേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. 1994-96 കാലയളവില്‍ സിര്‍പൂരില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു. തുടര്‍ന്ന് ഒരു വര്‍ഷം രൂപതാമെത്രാന്റെ സെക്രട്ടറിയായി ജോലി ചെയ്ത ശേഷം 1997-99 കാലയളവില്‍ റോമിലെ അല്‍ഫോന്‍സിയന്‍ അക്കാദമിയില്‍ നിന്ന് ധാര്‍മ്മികദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഒരു വര്‍ഷം കൂടി രൂപതാമെത്രാന്റെ സെക്രട്ടറിയായി സേവനം ചെയ്ത ശേഷം 2000-2010 കാലയളവില്‍ സെന്റ് പയസ് സ്കൂളിന്റെ അഡ്മിനിസ്ട്രേറ്ററായും സെന്റ് പയസ് സെമിനാരിയുടെ റെക്ടറായും ജോലി ചെയ്തു. 2010 മുതല്‍ 2018 വരെ രൂപതയുടെ ബര്‍സാറും രൂപതാമെത്രാന്റെ സെക്രട്ടറിയുമായിരുന്നു. 2018-2021 കാലയളവില്‍ സെന്റ് ആന്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് രൂപതാ അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്നത്.

മഠത്തിക്കുന്നേൽ അഗസ്റ്റിനച്ചന്റെ പുതിയ ദൈവികനിയോഗത്തിൽ മാനന്തവാടി രൂപതാകുടുംബം ദൈവത്തിന് നന്ദിപറയുകയും അഭിനന്ദനങ്ങൾ നേരുകയും അച്ചന്റെ മേൽപ്പട്ടശുശ്രൂഷയിൽ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു എന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.