കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിക്കുന്നതും അതുമൂലം ഉണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിച്ചു വരികയാണെന്നാണ് സമീപകാല കണക്കുകള്‍ കാണിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
മോട്ടോര്‍ വാഹന നിയമത്തിലും ഇന്ത്യന്‍ ശിക്ഷാനിയമത്തിലും വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ച് അറിവുള്ളവര്‍ ഒരു കാരണവശാലും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കില്ലെന്നും അത്രയ്ക്കും കഠിനമായ ശിക്ഷകളുമാണ് നിയമ ഭേദഗതിയില്‍ ഈ കുറ്റത്തിന് വന്നിട്ടുള്ളതെന്നും ഓര്‍മ്മിപ്പിക്കുന്നു.
മോട്ടോര്‍ വാഹന നിയമം 2019-ല്‍ ഭേദഗതി വരുത്തിയപ്പോള്‍ ഏറ്റവും കര്‍ക്കശമായ ശിക്ഷാവിധികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്, ജുവനയില്‍ ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട വകുപ്പ് 199 (A). ഇതിന്‍ പ്രകാരം 30000 രൂപ വരെ പിഴയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയും ഉടമസ്ഥന്റെ ലൈസന്‍സിനെതിരെ നടപടി വരികയും ചെയ്യുക മാത്രമല്ല രക്ഷിതാക്കള്‍ മൂന്നുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരും. അങ്ങനെ വാഹനമോടിക്കുന്നതിന് ശിക്ഷിക്കപ്പെടുന്ന കുട്ടിക്ക് 25 വയസ് പൂര്‍ത്തിയാല്‍ മാത്രമേ ലൈസന്‍സ് അനുവദിക്കുകയും ഉള്ളൂ. ജുവനയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഉള്ള നടപടികള്‍ വേറെയും വന്നേക്കാം.
ഇത്തരം അപകടങ്ങളില്‍ മറ്റുള്ളവര്‍ കൊല്ലപ്പെട്ടാല്‍ ഏഴ് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല ഇന്‍ഷുറന്‍സ് നഷ്ടപരിഹാരമായി അതി ഭീമമായ തുക അടക്കേണ്ടിയും വരും. സ്വന്തം കിടപ്പാടം പോലും ജപ്തി ചെയ്യപ്പെട്ടേക്കാമെന്നും പറയുന്നു.
ക്ഷണികമായ സന്തോഷത്തിനും സൗകര്യത്തിനും സ്വന്തം കുട്ടി വാഹനം ഓടിക്കുമെന്നുള്ള അഭിമാനത്തിനും വേണ്ടി അറിഞ്ഞോ അറിയാതെയോ അനുവദിക്കുന്ന ഈ പ്രവര്‍ത്തി അവന്റെ ഭാവി തന്നെ നശിപ്പിക്കുമെന്ന്് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.