കര്‍ഷക പ്രക്ഷോഭം: നാലാംവട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രം; തീരുമാനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍

കര്‍ഷക പ്രക്ഷോഭം: നാലാംവട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രം; തീരുമാനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്ന് കര്‍ഷക നേതാക്കള്‍

ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകരുമായി നടന്ന നാലാംവട്ട ചര്‍ച്ചയില്‍ പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് കേന്ദ്ര സര്‍ക്കാര്‍. ഇന്നലെ രാത്രി വൈകി അവസാനിച്ച ചര്‍ച്ചയില്‍ പഞ്ചവത്സര പദ്ധതി ഉള്‍പ്പെടെയുള്ള ചില നിര്‍ദേശങ്ങള്‍ കേന്ദ്രം കര്‍ഷകര്‍ക്ക് മുന്നില്‍ വെച്ചു.

കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കേന്ദ്ര മന്ത്രിമാരുടെ പാനല്‍ പയര്‍ വര്‍ഗങ്ങള്‍, ചോളം, പരുത്തി വിളകള്‍ എന്നിവ സര്‍ക്കാര്‍ ഏജന്‍സികള്‍ അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ താങ്ങു വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് വാങ്ങുന്നതിനുള്ള പദ്ധതി നിര്‍ദേശിച്ചു.

എന്‍സിസിഎഫ് (നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍), നാഫെഡ് (നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) തുടങ്ങിയ സഹകരണ സംഘങ്ങള്‍ വഴിയാകും ചോളമടക്കമുള്ള വിളകള്‍ കര്‍ഷകരില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങുക.

ഏറ്റെടുക്കുന്ന വിളകള്‍ക്ക് പരിധിയുണ്ടാകില്ല. ഒപ്പം അതിനായൊരു പോര്‍ട്ടലും ഒരുക്കും. കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (സിസിഐ) കര്‍ഷകരില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് മിനിമം നിരക്കില്‍ പരുത്തി വാങ്ങുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു.

ചര്‍ച്ചയിലെ നിര്‍ദേശങ്ങളില്‍ തീരുമാനം അറിയിക്കാന്‍ കര്‍ഷകര്‍ ചൊവ്വാഴ്ച വരെ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 'കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും, വിദഗ്ധരുടെ അഭിപ്രായങ്ങള്‍ തേടും. അടുത്ത രണ്ട് ദിവസങ്ങളില്‍ തീരുമാനം എടുക്കും. ഒരു നല്ല ഫലം പ്രതീക്ഷിക്കുന്നു, അല്ലാത്തപക്ഷം ഞങ്ങള്‍ ഞങ്ങളുടെ 'ഡല്‍ഹി ചലോ' മാര്‍ച്ചുമായി മുന്നോട്ട് പോകും' - പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്ദേര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടുന്ന 14 അംഗ പ്രതിനിധി സംഘമാണ് കര്‍ഷകരെ പ്രതിനിധീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയല്‍, അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായി എന്നിവരായിരുന്നു കേന്ദ്ര സര്‍ക്കാരിന് വേണ്ടി ചര്‍ച്ചയില്‍ പങ്കെടുത്തത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.