നോമ്പുകാലം ക്രിസ്തുവിന്റെ 'രുചിയും' സ്വര്‍ഗത്തിന്റെ 'സുഗന്ധവും' അനുഭവിച്ചറിയാനുള്ള അവസരമാക്കുക: ഫ്രാന്‍സിസ് പാപ്പ

നോമ്പുകാലം ക്രിസ്തുവിന്റെ 'രുചിയും' സ്വര്‍ഗത്തിന്റെ 'സുഗന്ധവും' അനുഭവിച്ചറിയാനുള്ള അവസരമാക്കുക: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: നോമ്പുകാലത്ത് ആന്തരികമായ നിശബ്ദതയിലേക്കു പ്രവേശിച്ച്, ഹൃദയത്തില്‍ ദൈവത്തിന്റെ സ്വരം കേള്‍ക്കാന്‍ സമയം കണ്ടെത്തണമെന്ന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് പാപ്പാ.

മര്‍ക്കോസിന്റെ സുവിശേഷത്തില്‍, യേശു മരുഭൂമിയില്‍ നേരിട്ട പ്രലോഭനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഭാഗത്തെ (മര്‍ക്കോസ് 1: 12-15) അടിസ്ഥാനമാക്കിയാണ് പരിശുദ്ധ പിതാവ് നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ച സന്ദേശം നല്‍കിയത്. ആന്തരികമായി നാം നേരിടുന്ന സംഘര്‍ഷങ്ങളെ അഭിമുഖീകരിച്ചുകൊണ്ട്, ദൈവത്തെ നമ്മുടെ ഹൃദയത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന് പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.

മരുഭൂമിയിലേക്ക് പ്രവേശിക്കുകയെന്നാല്‍, ആന്തരികമായ നിശബ്ദതയിലേക്ക് പ്രവേശിക്കുകയെന്നതാണെന്ന് മാര്‍പാപ്പാ പറഞ്ഞു. നിശബ്ദതയുടെ ഈ ആന്തരിക ലോകത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഹൃദയം കൊണ്ടു ശ്രവിക്കാനും സത്യവുമായി സമ്പര്‍ക്കം പുലര്‍ത്താനും നമുക്ക് സാധിക്കുക - പാപ്പ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തു വന്യമൃഗങ്ങളോടൊപ്പമാണ് മരുഭൂമിയില്‍ കഴിഞ്ഞത്. ദൈവദൂതന്മാര്‍ അവിടുത്തെ ശുശ്രൂഷിക്കുകയും ചെയ്തു. ആന്തരിക നിശബ്ദതയിലേക്ക് പ്രവേശിക്കുമ്പോള്‍, ഇവ രണ്ടും പ്രതീകാത്മകമായ അര്‍ത്ഥത്തില്‍ നമുക്കും അനുഭവിക്കാന്‍ സാധിക്കും.

ആത്മീയ ജീവിതത്തിലെ 'വന്യമൃഗങ്ങള്‍'

നമ്മുടെ ഹൃദയത്തെ വിഭജിച്ച് അതിനെ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന ക്രമരഹിതമായ അഭിനിവേശങ്ങളെ ആത്മീയ ജീവിതത്തിലെ വന്യമൃഗങ്ങളായി കണക്കാക്കാവുന്നതാണ്. സൂക്ഷിച്ചില്ലെങ്കില്‍ അവ നമ്മെ വശീകരിക്കുകയും ചീന്തിക്കളയുകയും ചെയ്യും.

സമ്പത്തിനു വേണ്ടിയുള്ള 'അതിമോഹം' എന്ന് അവയില്‍ ഒന്നിനെ നമുക്ക് പേരിട്ടു വിളിക്കാം. അത് നമ്മെ അസംതൃപ്തരാക്കുകയും പലതും കണ്ടില്ലെന്നു നടിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. മറ്റൊന്ന്, സുഖലോലുപതയാണ്. അത് അസ്വസ്ഥതയിലേക്കും ഏകാന്തതയിലേക്കും നമ്മെ തള്ളിവിടും. വേറൊന്ന്, പ്രശസ്തിക്കു വേണ്ടിയുള്ള പരക്കംപാച്ചിലാണ്. അതുമൂലം, അരക്ഷിതാവസ്ഥയും അംഗീകാരത്തിനും പ്രാമുഖ്യത്തിനും വേണ്ടിയുള്ള നിരന്തരമായ ത്വരയും നമ്മുടെ ഉള്ളില്‍ ഉടലെടുക്കുന്നു.

മെരുക്കിയെടുക്കുകയോ എതിര്‍ത്തു തോല്‍പ്പിക്കുകയോ ചെയ്യേണ്ട 'വന്യമൃഗങ്ങളാണ്' അവ. അല്ലാത്തപക്ഷം, ഈ വന്യമൃഗങ്ങള്‍ നമ്മുടെ സ്വാതന്ത്ര്യം നശിപ്പിച്ച് നമ്മെ വിഴുങ്ങിക്കളയും. അവയുടെ സാന്നിധ്യത്തെക്കുറിച്ച് ബോധവാന്മാരാകാനും അവയെ നേരിടാനും നാം മരുഭൂമിയിലേക്ക് പോകേണ്ടതുണ്ട്.

മരുഭൂമിയിലെ ദൈവദൂതന്മാര്‍

തുടര്‍ന്ന്, മരുഭൂമിയിലെ മാലാഖമാരുടെ സാന്നിധ്യത്തെ കുറിച്ച് പാപ്പ സംസാരിച്ചു. മാലാഖമാര്‍ ദൈവത്തിന്റെ സന്ദേശവാഹകരും നന്മ ചെയ്യാന്‍ നമ്മെ സഹായിക്കുന്നവരുമാണ്. സുവിശേഷമനുസരിച്ച്, അവരുടെ സ്വഭാവം ശുശ്രൂഷിക്കുക എന്നതാണ്. ക്രമരഹിതമായ അഭിനിവേശങ്ങള്‍ നമ്മെ ബന്ധനസ്ഥരാക്കുന്നു. എന്നാല്‍, അതിന്റെ നേര്‍വിപരീതമാണ് ദൈവദൂതന്മാരുടെ സ്വഭാവം.

ദൈവികമായ പ്രചോദനങ്ങളാല്‍ മാനസാന്തരത്തിനും പരിവര്‍ത്തനത്തിനും ഉള്ള ശക്തി മാലാഖമാര്‍ നമുക്ക് തരുന്നു. പ്രലോഭനങ്ങള്‍ നമ്മെ കീറിമുറിക്കാന്‍ ശ്രമിക്കുമ്പോള്‍, ദൈവീക പ്രചോദനങ്ങള്‍ നമ്മെ യോജിപ്പിലേക്ക് നയിക്കുന്നു. ക്രിസ്തുവിന്റെ 'രുചിയും' സ്വര്‍ഗത്തിന്റെ 'സുഗന്ധവും' നമ്മുടെ ഉള്ളില്‍ പകര്‍ന്നുതന്ന്, അവ നമ്മുടെ ഹൃദയങ്ങളെ തണുപ്പിക്കുന്നു.

ഇപ്രകാരം, ദൈവത്താല്‍ പ്രചോദിതമാകുന്ന ചിന്തകളും വികാരങ്ങളും ഗ്രഹിക്കാനായി, മൗനത്തിനും പ്രാര്‍ഥനയ്ക്കുമായി മാറ്റിവയ്ക്കുന്ന സമയമാണ് നോമ്പുകാലം - പരിശുദ്ധ പിതാവ് ഊന്നിപ്പറഞ്ഞു.

രണ്ടു ചോദ്യങ്ങള്‍

രണ്ടു നിര്‍ണായക ചോദ്യങ്ങളോടെയാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്. 'എന്റെ ഹൃദയത്തെ പ്രക്ഷുബ്ധമാക്കുന്ന ക്രമം തെറ്റിയ അഭിനിവേശങ്ങള്‍ അഥവാ 'വന്യമൃഗങ്ങള്‍' ഏതൊക്കെയാണ്?'

'ദൈവശബ്ദം ശ്രവിക്കാനും അത് ഹൃദയത്തില്‍ സൂക്ഷിക്കാനുമായി അല്‍പനേരം 'മരുഭൂമി' അനുഭവത്തിലേക്ക് പിന്‍വാങ്ങണമെന്നുള്ള ചിന്ത എനിക്കുണ്ടോ?'

വചനം പാലിക്കുകയും ദുഷ്ടന്റെ പ്രലോഭനങ്ങളില്‍ ഒരിക്കലും ഉള്‍പ്പെടാതിരിക്കുകയും ചെയ്ത പരിശുദ്ധ കന്യകാമറിയം ഈ നോമ്പുകാലത്ത് നമ്മെ സഹായിക്കട്ടെ എന്ന് പാപ്പ പ്രാര്‍ത്ഥിച്ചു.

മാർപാപ്പയുടെ ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.