നികുതി ദായകര്‍ക്ക് ആശ്വാസം: ഒരു ലക്ഷം രൂപ വരെയുള്ള കുടിശിക ഒഴിവാക്കാന്‍ തീരുമാനം

നികുതി ദായകര്‍ക്ക് ആശ്വാസം: ഒരു ലക്ഷം രൂപ വരെയുള്ള കുടിശിക ഒഴിവാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി: നികുതി ദായകര്‍ക്ക് ആശ്വാസമായി ഒരു ലക്ഷം രൂപ വരെയുള്ള നികുതി കുടിശിക ഒഴിവാക്കാന്‍ ആദായ നികുതി വകുപ്പ് തീരുമാനം. പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട് കേന്ദ്ര ബജറ്റിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.

2015-16 അസസ്മെന്റ് വര്‍ഷം വരെയുള്ള നികുതി ഡിമാന്‍ഡുകള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ രണ്ട് ഘട്ടമായി തിരിച്ച് നികുതി കുടിശിക ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2010-11 അസസ്മെന്റ് വര്‍ഷത്തെ 25000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കുമെന്നായിരുന്നു ഒരു പ്രഖ്യാപനം. 2011-12 മുതല്‍ 2015-16 വരെയുള്ള കാലയളവില്‍ 10000 രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായതും ഒഴിവാക്കും എന്നതായിരുന്നു ബജറ്റിലെ രണ്ടാമത്തെ പ്രഖ്യാപനം.

എന്നാല്‍ 2015-16 അസസ്മെന്റ് വര്‍ഷം വരെയുള്ള ഒരു ലക്ഷം രൂപ വരെയുള്ള നികുതി ഡിമാന്‍ഡ് കുടിശികയായി വന്നത് ഒഴിവാക്കാനാണ് ആദായ നികുതി വകുപ്പിന്റെ തീരുമാനം. പരിധി ഉയര്‍ത്തിയത് സാധാരണക്കാരായ നികുതി ദായകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

2024 ജനുവരി 31 വരെയുള്ള ആദായനികുതി, വെല്‍ത്ത് ടാക്‌സ്, ഗിഫ്റ്റ് ടാക്‌സ് എന്നിവയുമായി ബന്ധപ്പെട്ട കുടിശികയ്ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പരമാവധി ഒരു ലക്ഷം രൂപ വരെയുള്ള കുടിശികകള്‍ക്ക്് മാത്രമായിരിക്കും ഇത് ബാധകമാകുക. പലിശ, പിഴ, ഫീസ്, സെസ്, സര്‍ചാര്‍ജ് എന്നിവയ്‌ക്കൊപ്പം നികുതി ഡിമാന്‍ഡിന്റെ പ്രധാന ഘടകവും പരിധിയില്‍ ഉള്‍ക്കൊള്ളിക്കുമെന്നും ഉത്തരവില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.