ഡോക്ടറുടെ കുറിപ്പടി പോലും ഇല്ലാതെ സ്വയം സേവിക്കുന്ന മരുന്ന്; പാരസെറ്റമോള്‍ അധികം കഴിച്ചാല്‍ പാരയാകും: പഠന റിപ്പോര്‍ട്ട്

ഡോക്ടറുടെ കുറിപ്പടി പോലും ഇല്ലാതെ സ്വയം സേവിക്കുന്ന മരുന്ന്; പാരസെറ്റമോള്‍ അധികം കഴിച്ചാല്‍ പാരയാകും: പഠന റിപ്പോര്‍ട്ട്

ഡോക്ടറുടെ കുറിപ്പടി പോലും ഇല്ലാതെ ആളുകള്‍ സ്വയം സേവിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. ചെറിയൊരു പനിയുടെ ലക്ഷണമോ, തലവേദനയോ തോന്നിയാല്‍ അടുത്തുള്ള മെഡിക്കല്‍ ഷോപ്പിലെത്തി പാരസെറ്റമോള്‍ വാങ്ങി കഴിക്കും.

കഴിഞ്ഞ 50 വര്‍ഷങ്ങളായി വേദന സംഹാരിയായി കണക്കാക്കുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റമോള്‍. വേഗത്തിലുള്ള ആശ്വാസം ലഭിക്കുന്നത് കൊണ്ട് തന്നെ എല്ലാവരും ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നതും പാരസെറ്റമോളിനെ തന്നെ.

ഇപ്പോഴിതാ പാരസെറ്റമോളിന്റെ ഉപയോഗത്തെക്കുറിച്ച് വിദേശ സര്‍വ്വകലാശാല നടത്തിയ പഠനങ്ങള്‍ നമ്മെ ഞെട്ടിക്കും. സ്ഥിരമായി രോഗശാന്തിക്ക് വേണ്ടി പാരസെറ്റമോളിനെ ആശ്രയിക്കുന്നവര്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുമെന്നാണ് എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ചഠനങ്ങള്‍ പറയുന്നത്.

പാരസെറ്റമോള്‍ കഴിക്കുന്നവരുടെ കരളിന് വലിയ തകരാറുകള്‍ സംഭവിക്കുമെന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നത്. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് കരളിനെ ബാധിക്കുന്നതായുള്ള കണ്ടെത്തലുണ്ടായത്.

'സയന്റിഫിക്' എന്ന ജേണലില്‍ ഇതേക്കുറിച്ച് വ്യക്തമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളില്‍, കരളിലെ കോശങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിന് ആവശ്യമായ ഘടനാപരമായ കൂടിച്ചേരലുകളെ പാരസെറ്റമോളിന്റെ ഉപയോഗം നശിപ്പിക്കും.

മനുഷ്യന്റെയും എലിയുടെയും കരള്‍ കോശങ്ങളില്‍ പാരസെറ്റമോളിന്റെ സ്വാധീനത്തെക്കുറിച്ച് എഡിന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമായി പഠിച്ചു. ചില സമയങ്ങളില്‍ അടുത്തുള്ള കോശങ്ങള്‍ തമ്മിലുള്ള ഘടനാപരമായ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതിലൂടെ പാരസെറ്റമോള്‍ കരളിനെ നശിപ്പിക്കുമെന്ന് പരിശോധനകള്‍ തെളിയിച്ചു.

പാരസെറ്റമോളിന്റെ ഉപയോഗം കരളിന്റെ ടിഷ്യു ഘടനയില്‍ തകരാറുണ്ടാക്കുന്നു. ഇതോടൊപ്പം കോശങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെയും വരും. ഭാവിയില്‍ ഇത് മരണത്തിന് വരെ കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ ഒരു വ്യക്തിക്ക് ദിവസം നാല് ഗ്രാം വരെ പാരസെറ്റമോള്‍ ഉപയോഗിക്കാം. വേദനയില്‍ നിന്നും രക്ഷ നേടാന്‍ ഇതാണ് ശരിയായ ഡോസേജ്.

പാരസെറ്റമോളില്‍ അടങ്ങിയ വിഷാംശം മൂലമുണ്ടാകുന്ന കരള്‍ രോഗം ക്യാന്‍സര്‍, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുമായി ബന്ധിപ്പിക്കുമെന്ന് കണ്ടെത്തിയ ആദ്യ പഠനമാണിത്. സ്‌കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസിലെയും ഓസ്ലോ സര്‍വകലാശാലകളിലെയും ഗവേഷകര്‍ പഠനത്തില്‍ പങ്കെടുത്തു.

പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡിമിനിസ്ട്രേഷന്‍ 2013 ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍മ്മത്തെ ബാധിക്കുന്ന ടോക്‌സിക് എപിഡെര്‍മല്‍ നെക്രോലൈസിസ്, അക്യൂട്ട് ജനറലൈസ്ഡ് എക്‌സാന്തെമാറ്റസ് പ്സ്റ്റുലോസിസ്, സ്റ്റീവന്‍സ് ജോണ്‍സണ്‍ സിന്‍ഡ്രോം എന്നീ രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗത്തിന് ചികിത്സ തേടുന്ന രോഗികള്‍ക്ക് പാരസെറ്റമോള്‍ നല്‍കരുതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ എക്‌സലന്‍സ് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.