ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരും പൊലീസും തമ്മില്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗരിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഇരുപത്തിനാലുകാരനായ കര്‍ഷകന്‍ മരിച്ചു. ഭട്ടിന്‍ഡ സ്വദേശി ശുഭ്കരണ്‍ സിങാണ് പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ല് തലയില്‍ കൊണ്ട് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നാണ് ഹരിയാന പൊലീസ് അവകാശപ്പെടുന്നത്. എന്നാല്‍ കണ്ണീര്‍ വാതക ഷെല്ല് തലയില്‍ കൊണ്ടാണ് മരണമെന്ന് കര്‍ഷകര്‍ ആരോപിച്ചു. സംഘര്‍ഷത്തില്‍ 30 കര്‍ഷകര്‍ക്കും 12 പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇതോടെ ഖനൗരി കര്‍ഷകരുടെ പ്രതിഷേധ സംഗമ ഭൂമിയായി മാറി. എന്ത് പ്രതിസന്ധിയുണ്ടായാലും സമരത്തിന്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.
കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ കടുത്ത നടപടികളാണ് ഹരിയാന പൊലീസ് സ്വീകരിക്കുന്നത്. കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും ഡ്രോണുകളും ഉപയോഗിച്ചാണ് പൊലീസ് കര്‍ഷകരെ നേരിടുന്നത്. ആയിരത്തിലധികം ട്രാക്ടറുകളും മറ്റു വാഹനങ്ങളുമായി പതിനായിരത്തിലധികം കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ നിലകൊള്ളുന്നത്.
ഹരിയാന-പഞ്ചാബ് അതിര്‍ത്തിയായ ശംഭുവിലും പൊലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കര്‍ഷകര്‍ തലസ്ഥാനത്തേക്കു പ്രവേശിക്കുന്നത് തടയുന്നതിനായി ശംഭുവില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാരോട് ഹരിയാന പൊലീസ് നിര്‍ദേശിച്ചു.
അതേസമയം അഞ്ചാമതും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കര്‍ഷകര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്ര കാര്‍ഷിക മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരെ അഞ്ചാമത്തെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
ചര്‍ച്ചയ്ക്ക് തന്നെയാണ് സമാധാന മാര്‍ഗത്തില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കും താല്‍പര്യം. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണത്തിന് കര്‍ഷകര്‍ ഇതുവരെയും മറുപടി നല്‍കിയിട്ടില്ല. സംയുക്ത കിസാന്‍ മോര്‍ച്ച നാളെ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ ആലോചിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.