ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ അര്‍ബുദം കവര്‍ന്നത് മൂന്നു മലയാളികളുടെ ജീവനുകള്‍: മരിച്ചവരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയും

ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ അര്‍ബുദം കവര്‍ന്നത് മൂന്നു മലയാളികളുടെ ജീവനുകള്‍: മരിച്ചവരില്‍ നഴ്സിങ് വിദ്യാര്‍ത്ഥിയും

ലണ്ടന്‍: ബ്രിട്ടനില്‍ 24 മണിക്കൂറിനിടെ കാന്‍സര്‍ ബാധിതരായ മൂന്നു മലയാളികള്‍ മരണപ്പെട്ടു. മാഞ്ചസ്റ്ററില്‍ ഐടി എന്‍ജിനീയറായ രാഹുലും ലിവര്‍പൂളിലെ വിസ്റ്റോണില്‍ നഴ്സായ ജോമോള്‍ ജോസും (55) വാറിങ്ടണിലെ മെറീന ബാബു (20) എന്ന നഴ്സിങ് വിദ്യാര്‍ഥിയുമാണ് മരണപ്പെട്ടത്.

വാറിങ്ടണില്‍ താമസിക്കുന്ന ബൈജു മാമ്പള്ളി-ലൈജു ദമ്പതികളുടെ മകളാണ് മെറീന. ബ്ലഡ് കാന്‍സര്‍ ബാധിതയായ മെറീന റോയല്‍ ലിവര്‍പൂള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം സ്ഥീരീകരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയുള്ളു. തുടര്‍ന്ന് കീമോ തെറാപ്പി ആരംഭിച്ചിരുന്നു.

യൂണിവേഴ്സിറ്റി ഓഫ് മാഞ്ചസ്റ്ററില്‍ മൂന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായിരുന്ന മെറീനയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും ബന്ധുക്കളും. വാറിങ്ടണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ ഉദ്യോഗസ്ഥയാണ് മെറീനയുടെ സഹോദരി മെര്‍ലിന്‍. കോട്ടയം ചിങ്ങവനം സ്വദേശികളാണ് ബാബു മാമ്പള്ളിയും കുടുംബവും.

ഐടി എഞ്ചിനീയറായ രാഹുല്‍ ഒരു വര്‍ഷത്തിലേറെയായി കാന്‍സറിനു ചികില്‍സയിലായിരുന്നു രാഹുല്‍. ഏതാനും ദിവസങ്ങളായി രാഹുല്‍ ആശുപത്രിയിലായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു മരണം സംഭവിച്ചത്.

മാഞ്ചസ്റ്ററിലെ റോയല്‍ ഇന്‍ഫേമറി ആശുപത്രിയില്‍ നഴ്സായ ജോണ്‍സിയാണ് രാഹുലിന്റെ ഭാര്യ. ഏഴു വയസുകാരനായ മകനും രാഹുലിനുണ്ട്. മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ബ്രിട്ടനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കാനാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളും ശ്രമിക്കുന്നത്.

വിസ്റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു ജോമോള്‍. ജോസ് അബ്രാഹമാണ് ഭര്‍ത്താവ്. മൂന്നു മക്കളുമുണ്ട്. നാട്ടില്‍ കുറുമുളൂര്‍ പൂത്തറയില്‍ പരേതനായ മാത്യുവിന്റെ മകളാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.