അക്ബറും സീതയും വേണ്ട: സിംഹങ്ങളുടെ പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം

അക്ബറും സീതയും വേണ്ട: സിംഹങ്ങളുടെ പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം

കൊല്‍ക്കത്ത: ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ പേര് വിവാദത്തില്‍ കൂടുതല്‍ നിരീക്ഷണവുമായി കൊല്‍ക്കത്ത ഹൈക്കോടതി. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്നീ പേരുകള്‍ നല്‍കിയത് ശരിയായ നടപടിയല്ലെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി പറഞ്ഞു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) റിട്ട് ഹര്‍ജി നിലനില്‍ക്കില്ലെന്നും പൊതുതാല്‍പര്യ ഹര്‍ജിയായി മാറ്റാനും കോടതി നിര്‍ദേശിച്ചു. പത്ത് ദിവസത്തിനുള്ളില്‍ റെഗുലര്‍ ബെഞ്ചിന് മുന്നില്‍ ഹര്‍ജി സമര്‍പ്പിക്കണം.

ബംഗാളില്‍ അല്ലാതെ തന്നെ ആവശ്യത്തിന് വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മൃഗങ്ങള്‍ക്ക് ഇത്തരത്തില്‍ ദൈവങ്ങളുടെയും നൊബേല്‍ സമ്മാന ജേതാക്കളുടെയും സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ.

വീട്ടിലെ വളര്‍ത്തു നായയ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോയെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ വളര്‍ത്തു മൃഗങ്ങളുടെ പേര് എന്തൊക്കെയാണെന്നും കോടതി ചോദിച്ചു. സിംഹത്തിന് സ്വാമി വിവേകാനന്ദന്‍, രാമകൃഷ്ണന്‍ എന്നിങ്ങനെയുള്ള പേരിടുമോ? സിംഹത്തിന് അക്ബര്‍ എന്ന പേരിട്ടത് ശരിയല്ല. വേറെ എത്ര പേരുകള്‍ ഉണ്ടായിരുന്നുവെന്നും കോടതി ചോദിച്ചു.

അതേസമയം സീത, അക്ബര്‍ എന്നീ പേരുകള്‍ നല്‍കിയത് ത്രിപുര സര്‍ക്കാരാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാര്‍ക്കിലെത്തുന്നതിന് മുന്‍പുതന്നെ സിംഹങ്ങള്‍ക്ക് പേരുകള്‍ ഉണ്ടായിരുന്നുവെന്ന് ബംഗാള്‍ വനം വകുപ്പ് വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി.

മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളില്‍ എത്തിച്ചത്. ത്രിപുര പേര് നല്‍കിയപ്പോള്‍ മിണ്ടാതിരുന്ന വിശ്വഹിന്ദു പരിഷത്ത് ഇപ്പോള്‍ ഹര്‍ജിയുമായി വന്നിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ബംഗാളിലെ സിലിഗുരി സഫാരി പാര്‍ക്കിലെ അക്ബര്‍ എന്ന് പേരുള്ള ആണ്‍സിംഹത്തെയും സീത എന്ന പെണ്‍സിംഹത്തെയും ഒന്നിച്ച് പാര്‍പ്പിക്കരുതെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹര്‍ജി വലിയ വിവാദമാവുകയായിരുന്നു. കഴിഞ്ഞ 16 നാണ് ജസ്റ്റിസ് സോഗത ഭട്ടാചാര്യയ്ക്ക് മുന്നില്‍ വിഎച്ച്പി ബംഗാള്‍ ഘടകത്തിന്റെ ഹര്‍ജി എത്തിയത്.

അടുത്തിടെയാണ് ത്രിപുരയിലെ സെപാഹിജാല പാര്‍ക്കില്‍ നിന്ന് സിംഹങ്ങളെ ഇവിടെ എത്തിച്ചത്. ഇവിടെ എത്തുന്നതിനു മുമ്പ് തന്നെ ഇവര്‍ക്ക് പേരുകള്‍ ഉണ്ടായിരുന്നെന്നും പാര്‍ക്കില്‍ എത്തിച്ചാല്‍ പേരുകള്‍ മാറ്റാറില്ലെന്നുമായിരുന്നു ബംഗാള്‍ വനം വകുപ്പിന്റെ വിശദീകരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.